ആസാദിന് ഒന്നുമറിയില്ലെന്ന് പിണറായി
കൊച്ചി : കോണ്‍ഗ്രസ് ഭരിക്കുന്ന ഏത് സംസ്ഥാനത്താണ് അധികാരവികേന്ദ്രീകരണം നടപ്പാക്കിയതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കുന്ന ജനകീയാസൂത്രണം കോണ്‍ഗ്രസിന്റെ പഞ്ചായത്തീരാജാണെന്ന് വെറുതെ പറഞ്ഞിട്ട് കാര്യമില്ല. ജനകീയാസൂത്രണത്തെ കുറിച്ച് ഒന്നുമറിയാതെ പദ്ധതിയില്‍ ഒരു പ്രത്യേകതയുമില്ലെന്ന് ആസാദ് കണ്ടുപിടിച്ചിരിക്കുന്നു. എറണാകുളം ജില്ലയിലെ വിവിധഭാഗങ്ങളില്‍ സപ്തംബര്‍ 18 തിങ്കളാഴ്ച തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു പിണറായി .
വാര്‍ഷിക പദ്ധതിയുടെ 35 മുതല്‍ 40 ശതമാനം വരെ വിഹിതം താഴേത്തട്ടിലേക്ക് നല്‍കിക്കൊണ്ടാണ് സംസ്ഥാനത്ത് ജനകീയാസൂത്രണ പദ്ധതി നടപ്പാക്കിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന മദ്ധ്യപ്രദേശിലെ മുഖ്യമന്ത്രി ദിഗ്വിജയ്സിംഗ് ഇതേപ്പറ്റി പഠിക്കാന്‍ പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കൊപ്പം രണ്ടാഴ്ചയാണ് കേരളത്തില്‍ ചെലവിട്ടത്. സ്വാതന്ത്യ്രദിനപ്രസംഗത്തില്‍ ജനകീയാസൂത്രണത്തെ രാഷ്ട്രപതി പ്രശംസിച്ചത് ആസാദ് അറിഞ്ഞിരിക്കില്ലെന്ന് പിണറായി കളിയാക്കി.
ആന്റണിയുടെ സ്വന്തം ജില്ലയായ ആലപ്പുഴയിലെ ചാരുംമൂട് ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ഇക്കുറി കോണ്‍ഗ്രസിനോ യുഡിഎഫി നോ സ്ഥാനാര്‍ത്ഥികളില്ല. കഴിഞ്ഞ തവണ 13 വോട്ടിന് തോറ്റ സീറ്റ് ബിജെപിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. എന്നിട്ടും സി.കെ.പത്മനാഭന്‍ പറയുന്നത് സഹായഭ്യര്‍ത്ഥനയുമായി സിപിഎം പുറകേ നടക്കുന്നുവെന്നാണ്. പിന്തുണയും ചോദിച്ച് ബിജെപിയുടെ പുറകേ പോകുന്ന പാര്‍ട്ടിയല്ല സിപിഎം എന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്ന് പിണറായി പറഞ്ഞു.












Click it and Unblock the Notifications