അധികാരപങ്കാളിത്തം: ചര്‍ച്ച നേരത്തെ തുടങ്ങിയിരുന്നുവെന്ന് കാരാട്ട്
തിരുവനന്തപുരം: കേന്ദ്രത്തില്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അതില്‍ പങ്കാളിയാവാനായി പാര്‍ട്ടി പരിപാടികളില്‍ മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം പ്രത്യേക സമ്മേളനം ചേര്‍ന്നിരിക്കുന്നത് എന്ന ധാരണ തെറ്റാണെന്ന് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.
പാര്‍ട്ടി പരിപാടികളില്‍ ഭേദഗതി വരുത്തുക എന്ന കാര്യം 92ലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ടെന്ന് കാരാട്ട് വെളിപ്പെടുത്തി. ഒക്ടോബര്‍ 21 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
92ലെ പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷവും ഞങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തുവരികയായിരുന്നു. 96ല്‍ മൂന്നാം മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മാത്രമാണ് സിപിഎം യഥാര്‍ഥത്തില്‍ ഈ പ്രശ്നം നേരിടുന്നത്. അതുകൊണ്ടു തന്നെ അധികാരത്തിലെത്താന്‍ വേണ്ടി പാര്‍ട്ടി പരിപാടി മാറ്റാനാണ് പ്രത്യേക സമ്മേളനം ചേര്‍ന്നത് എന്ന വ്യാഖ്യാനം പൂര്‍ണമായും തെറ്റാണ്.
പാര്‍ട്ടി പരിപാടിയിലെ 112-ാം ഖണ്ഡികയില്‍ മാറ്റം വരുത്താനാണ് പാര്‍ട്ടി ആലോചിച്ചുവരുന്നത്. അതാത് സാഹചര്യമനുസരിച്ച് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തില്‍ പങ്കാളിയാവുന്നതിനെ കുറിച്ച് തീരുമാനമെടുക്കാം എന്ന് ഭേദഗതി വരുത്താനാണ് ഉദ്ദേശിക്കുന്നത്. ഈ ഭേദഗതി തിങ്കളാഴ്ച ചേര്‍ന്ന പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും അംഗീകരിച്ചിരുന്നു.
ഭേദഗതി പാസാവുകയാണെങ്കില്‍ തന്നെ പാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാരില്‍ പങ്കാളിയാവും എന്ന് അര്‍ഥമില്ല. സാഹചര്യമനുസരിച്ച് കേന്ദ്രകമ്മിറ്റിയും പോളിറ്റ് ബ്യൂറോയും ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. അക്കാര്യത്തില്‍ കൃത്യമായ മാര്‍ഗരേഖകളൊന്നുമില്ല.
96ല്‍ എന്തുകൊണ്ടാണ് സിപിഎം മൂന്നാം മുന്നണി സര്‍ക്കാരില്‍ ചേരാഞ്ഞതെന്ന ചോദ്യത്തിന് മറുപടിയായി അത്തരം തീരുമാനങ്ങള്‍ എപ്പോഴും സാഹചര്യത്തിന് അനുസരിച്ചാണ് എന്ന് കാരാട്ട് വ്യക്തമാക്കി.
മൂന്നാം മുന്നണി ഇപ്പോഴും ദേശീയരാഷ്ട്രീയത്തില്‍ പ്രസക്തമാണെന്ന കാര്യം താന്‍ അംഗീകരിക്കുന്നെങ്കിലും അതിന്റെ രൂപീകരണം എളുപ്പമല്ലെന്ന് കാരാട്ട് ചൂണ്ടിക്കാട്ടി. എങ്ങനെയായാലും അത് രൂപീകരിക്കുന്നതിനുള്ളശ്രമങ്ങള്‍ നടന്നുവരികയാണ്.
വര്‍ഗീയതയെ കുറിച്ചും സാമ്പത്തിക നയങ്ങളെ കുറിച്ചും അഭിപ്രായൈക്യമുള്ള പാര്‍ട്ടികളുമായാണ് തങ്ങള്‍ സഖ്യത്തിലേര്‍പ്പെടുക എന്ന് കാരാട്ട് വ്യക്തമാക്കി.