ഗുണ്ടാപ്പണിയോട് വിട; സഹകരിക്കാന്‍ അഭ്യര്‍ഥന
കൊച്ചി: നിരവധി പൊലീസ് കേസുകളില്‍ പ്രതിയായ വാടകഗുണ്ട അക്രമപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു. ഗുണ്ടാപ്പണി അവസാനിപ്പിച്ച് സമാധാനജീവിതം നയിക്കാനാഗ്രഹിക്കുന്ന തന്നോട് സഹകരിക്കണമെന്നും തെറ്റുകള്‍ പൊറുക്കണമെന്നും വെട്ടില്‍ സുരേഷ് എന്നറിയപ്പെടുന്ന വൈറ്റില കാവിലംപിള്ളി പാടം സുരേഷ് ജനങ്ങളോട് അഭ്യര്‍ഥിച്ചു. ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്ത നോട്ടീസിലൂടെയും സുരേഷ് ഇതേ അഭ്യര്‍ഥന നടത്തിയിരുന്നു.
മാസങ്ങള്‍ക്കു മുമ്പ് പുതിയ റോഡ് കിസാന്‍ കോളനിയില്‍ വെച്ച് കുത്തേറ്റുമരിച്ച നിസാറിന്റെ കുടുംബസഹായനിധി രൂപീകരിക്കുന്നതിനായി തമ്മനം ജനജാഗ്രത സംഘടിപ്പിച്ച സമ്മേളനത്തില്‍ വച്ചായിരുന്നു സുരേഷിന്റെ അഭ്യര്‍ഥന. നിസാര്‍ കുടുംബസഹായനിധിയിലേക്കുള്ള ആദ്യസംഭാവന സുരേഷില്‍ നിന്നും പ്രൊഫ.എം.കെ.മനോജ് ഏറ്റവാങ്ങി വിധവ വഹീദയെ ഏല്പിച്ചു.
അയല്‍പക്ക തര്‍ക്കത്തെ തുടര്‍ന്ന് കേവലം പതിനൊന്നു വയസ് മാത്രം പ്രായമുണ്ടായിരുന്ന തന്നെ പൊലീസ് സ്റേഷനില്‍ വെച്ച് കാലുകള്‍ കൂട്ടിക്കെട്ടി ചൂരല്‍ കൊണ്ട് അടിച്ചപ്പോഴും ഹരിജനങ്ങളായ തങ്ങളോട് സമൂഹം പുഛത്തോടെയും വൈരാഗ്യത്തോടെയും പ്രതികരിച്ചപ്പോഴും ഉണ്ടായ പകയും പ്രതിരോധവുമാണ് തന്നെ ഗുണ്ടായിസത്തിലെത്തിച്ചതെന്ന് സുരേഷ് പറഞ്ഞു. ഇന്നിപ്പോള്‍ ഇതില്‍ നിന്നൊക്കെ പിന്‍വാങ്ങിയ തന്നെ ഇല്ലായ്മ ചെയ്യുമെന്നാണ് പുതിയ ഭീഷണി. സമാധാനപരമായി ജീവിക്കാന്‍ ജനങ്ങളുടെ സഹകരണം താന്‍ തേടുകയാണെന്നും സുരേഷ് പറഞ്ഞു.












Click it and Unblock the Notifications