കശ്മീരില്‍ വെടി നിര്‍ത്തലായി
ശ്രീനഗര്‍: റംസാന്‍ മാസത്തില്‍ കശ്മീരില്‍ വെടിനിര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം നടപ്പിലായി. നവംബര്‍ 25 ശനിയാഴ്ച വെടിനിര്‍ത്താന്‍ കശ്മീരിലെ എല്ലാ ഫീല്‍ഡ് കമാണ്ടര്‍മാര്‍ക്കും സേന നിര്‍ദ്ദേശം നല്‍കി.
റംസാന്‍ മാസത്തില്‍ ഭീകരരുമായുള്ള പോരാട്ടം നിര്‍ത്തിവയ്ക്കാന്‍ നോര്‍ത്തേന്‍ കമാണ്ടിന്റെ കമാണ്ടിംഗ് -ഇന്‍- ചീഫ് എച്ച് .എം .ഖന്ന അതിര്‍ത്തിയിലെയും കശ്മീര്‍ സംസ്ഥാനത്തെയും എല്ലാ ഫീല്‍ഡ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
ഭീകരരുടെ ഭാഗത്തു നിന്ന് പ്രകോപനമുണ്ടായാലും സംയമനം പാലിക്കാനാണ് ഫീല്‍ഡ് ഓഫീസര്‍മാര്‍ക്ക് കിട്ടിയിരിക്കുന്ന ഉത്തരവ്. എന്നാല്‍ അതീവജാഗ്രത പാലിക്കാനും സേനയ്ക്ക് ആപത്കരമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ തീവ്രവാദികളുടെ ഭാഗത്തു നിന്നുണ്ടായാല്‍ സാഹചര്യമനുസരിച്ച് വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാനും സേനയ്ക്ക് അനുവാദമുണ്ട്.
റംസാന്‍ മാസത്തില്‍ കശ്മീരില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ നവംബര്‍ 20 തിങ്കളാഴ്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
ഇതിനിടെ ശനിയാഴ്ച കേന്ദ്രമന്ത്രിസഭായോഗം വെടിനിര്‍ത്തലിനു മുമ്പായുള്ള കശ്മീരിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്തു.
എന്നാല്‍ ദേശീയ ജനാധിപത്യസഖ്യത്തിലെ പ്രമുഖ കക്ഷിയായ ശിവസേന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തോട് വിയോജിപ്പു പ്രകടിപ്പിച്ചിരിക്കുകയാണ്. എങ്കിലും സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു.












Click it and Unblock the Notifications