പാക് പര്യടനം: തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിസിസിഐ
ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പാകിസ്താന്‍ പര്യടനത്തിന് അനുമതി നല്കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് നവംബര്‍ 25 ശനിയാഴ്ച ചെന്നൈയില്‍ നടന്ന ബിസിസിഐ യോഗം അഭ്യര്‍ത്ഥിച്ചു.
ആരോഗ്യകരമായ കായികബന്ധം നിലനില്ക്കണമെന്ന് ആഗ്രഹമുള്ളതിനാലാണ് തങ്ങള്‍ ഈ അഭ്യര്‍ത്ഥന നടത്തിയതെന്ന് ബിസിസിഐ അധ്യക്ഷന്‍ എ.സി.മുത്തയ്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ രാഷ്ട്രഹിതത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന ഏതു നടപടിയും ബിസിസിഐയ്ക്ക് സ്വീകാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പാക് പര്യടനം റദ്ദാക്കുകയാണെങ്കില്‍ ഇന്ത്യയെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പുറത്താക്കുമെന്ന ഐസിസി അധ്യക്ഷന്‍ മാല്‍ക്കം ഗ്രേയുടെ ഭീഷണിയെക്കുറിച്ച് ചോദിച്ചപ്പോള്‍ പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെ എന്നായിരുന്നു മുത്തയ്യയുടെ മറുപടി.
നേരത്തേ കോഴവിവാദത്തെപ്പറ്റി അന്വേഷിച്ച ബിസിസിഐയുടെ അന്വേഷണ കമ്മീഷണര്‍ കെ.മാധവന്‍ റിപ്പോര്‍ട്ട് മുത്തയ്യക്കു സമര്‍പ്പിച്ചു. നവംബര്‍ 27 തിങ്കളാഴ്ച ചേരുന്ന ബിസിസിഐ അച്ചടക്കസമിതി യോഗം റിപ്പോര്‍ട്ട് പരിഗണിക്കുമെന്ന് മുത്തയ്യ അറിയിച്ചു. മാധവന്റെ റിപ്പോര്‍ട്ടിനു മേലുള്ള നടപടികള്‍ നവംബര്‍ 29 ബുധനാഴ്ച കല്‍ക്കട്ടയില്‍ ചേരുന്ന ബിസിസിഐയുടെ അടിയന്തിര ജനറല്‍ ബോഡി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ നടത്തിയ അന്വേഷണത്തില്‍ സംതൃപ്തനാണെന്ന് മുത്തയ്യയോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതനായിരുന്ന മാധവന്‍ പറഞ്ഞു. തന്റെ കണ്ടെത്തലുകള്‍ ഞായറാഴ്ച ബിസിസിഐ യോഗത്തില്‍ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പ്രസിദ്ധപ്പെടുത്താന്‍ മാധവന്‍ തയ്യാറായില്ല.












Click it and Unblock the Notifications