കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍: പാര്‍ലമെന്റില്‍ വാക്കേറ്റം

  • By Super
Google Oneindia Malayalam News

ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്നത്തില്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും എംപിമാര്‍ തമ്മില്‍ നവംബര്‍ 29 ബുധനാഴ്ച ലോക്സഭയില്‍ വാക്കേറ്റം നടന്നു.

ശൂന്യവേളയില്‍ ഇടുക്കിയില്‍ നിന്നുള്ള പാര്‍ലമെന്റംഗം ഫ്രാന്‍സിസ് ജോര്‍ജ്ജാണ് പ്രശ്നമവതരിപ്പിച്ചത്. തമിഴ്നാട് ആവശ്യപ്പെടുന്നതു പോലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉയരം 136ല്‍ നിന്ന് 152 അടിയാക്കി ഉയര്‍ത്തുന്നത് ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളെ വെള്ളത്തിനടിയിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അണക്കെട്ടിന്റെ ഉയരം ഉയര്‍ത്തുന്നതിലൂടെ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ തേക്കടി വന്യമൃഗ സങ്കേതവും വെള്ളത്തിനടിയിലാവും. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് 104 വര്‍ഷം പഴക്കമുണ്ട്. ഏതൊരു ഡാമിന്റെയും ആയുസ്സ് 70 വര്‍ഷം മാത്രമാണ്.ഡാമിന്റെ ഉയരം കൂട്ടി ഡാം തകര്‍ന്നാല്‍ മൂന്നു ജില്ലകള്‍ വെള്ളത്തിനടിയിലാകുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി. അണക്കെട്ടിന്റെ ഉയരം കൂട്ടാന്‍ നിയോഗിച്ച സമിതിയിലെ ഏഴംഗങ്ങളില്‍ കേരളത്തിന് ഒരംഗം മാത്രമാണുള്ളതെന്ന് അദ്ദേഹം പരാതിപ്പെട്ടു.

തമിഴ്നാടിനും സമിതിയില്‍ ഒരംഗം മാത്രമെ ഉള്ളുവെന്നും മെമ്പര്‍ സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പറഞ്ഞ് എംഡിഎംകെ നേതാവ് വൈക്കോയും തമിഴ്നാട്ടില്‍ നിന്നുള്ള മറ്റ് എംപിമാരും എഴുന്നേറ്റതോടെ ബഹളമായി. ഇതുകണ്ട് കേരള എംപിമാര്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഫ്രാന്‍സിസ് ജോര്‍ജ്ജിന് പിന്തുണയുമായി എത്തിയപ്പോള്‍ രംഗം വഷളായി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം പങ്കിടുന്നത് സംബന്ധിച്ച് നിലവിലുള്ള കരാര്‍ റദ്ദാക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ് ആവശ്യപ്പെട്ടു. കൃഷ്ണാ നദിയിലെ ഒരു ടിഎംസി വെള്ളത്തിന് മൂന്ന് കോടി രൂപ നല്കുന്ന തമിഴ്നാട് കേരളത്തില്‍ നിന്ന് അതേ അളവ് വെള്ളം പഴയ കരാറിന്റെ മറവില്‍ പത്തു ലക്ഷം രൂപയ്ക്ക് തട്ടിയെടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

പ്രശ്നം രൂക്ഷമാവുകയാണെന്ന് കണ്ട് സ്പീക്കര്‍ ജി.എം.സി.ബാലയോഗി ഇടപെട്ടു. അദ്ദേഹം അടുത്ത കാര്യപരിപാടിയിലേക്ക് പെട്ടെന്നു കടന്നതോടെ വാക്കേറ്റം അവസാനിക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X