പൂജാമുറിയിലും സ്പിരിറ്റ് അറ
തിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്കിലെ സ്പിരിറ്റു കടത്തുകാരായ മൂന്നു സഹോദരിമാരുടെ വീടുകളില്‍ ഡിസംബര്‍ അഞ്ച് ചൊവാഴ്ച പൊലീസ് നടത്തിയ റെയ്ഡില്‍ കിടപ്പറകളിലും പൂജാമുറികളിലും രഹസ്യ അറകള്‍ കണ്ടെത്തി.
പ്ലാമൂട്ടുക്കട എരിച്ചെല്ലൂര്‍ നല്ലൂര്‍പട്ടം പുത്തന്‍വീട്ടില്‍ യശോദ, ഗിരിജ, എരിച്ചെല്ലൂര്‍ പ്ലാങ്കാളവിള വീട്ടില്‍ ഉഷ എന്നിവരാണ് സ്പിരിറ്റ് സൂക്ഷിക്കാനുള്ള രഹസ്യ അറ തയ്യാറാക്കിയിരുന്നത്. നെയ്യാറ്റിന്‍കര എഎസ്പി മഹിലാല്‍ യാദവിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ 134 ലിറ്റര്‍ സ്പിരിറ്റും കണ്ടെടുത്തു.
സ്പിരിറ്റു കള്ളക്കടത്തുകാരുടെ വീട്ടിലെ അറകളെക്കുറിച്ചുള്ള അജ്ഞാത ഫോണ്‍ സന്ദേശമാണ് പൊലീസ് റെയ്ഡിനു കാരണമായത്. സഹോദരിമാരുടെ വീട്ടിലെ ചുമരുകള്‍ക്കുള്ളിലും രഹസ്യ അറകളുള്ളതായി പൊലീസിന് സംശയമുണ്ട്.
റെയ്ഡിനെ തുടര്‍ന്ന് സഹോദരിമാര്‍ ഒളിവില്‍ പോയി. നെയ്യാറ്റിന്‍കരയിലെ പ്രധാന വ്യാജച്ചാരായ കേന്ദ്രങ്ങളില്‍ സ്പിരിറ്റ് ഏത്തിച്ചിരുന്നത് ഇവരാണെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications