റിപ്പര്‍ ചാക്കോയെ വെറുതെ വിട്ടു
ദില്ലി: തടിയമ്പാട് കൂട്ടുക്കൊലക്കേസില്‍ റിപ്പര്‍ ചാക്കോയെ (56) സുപ്രീം കോടതി വെറുതെവിട്ടു. അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്ത കോടാലി വധശിക്ഷ വിധിക്കുവാന്‍ മതിയായ തെളിവല്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സുപ്രീം കോടതി ചാക്കോയെ വെറുതെവിട്ടത്.
ജസ്റിസുമാരായ എം.പി. ഷാ, സന്തോഷ് ഹെഗ്ഡെ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. 1999 മാര്‍ച്ച് 28ന് കേരള ഹൈക്കോടതി വിധിക്കെതിരെ ചാക്കോ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി.
തടിയമ്പാട്ടെ കൊല്ലം മാട്ടേല്‍ വീട്ടിലെ അഞ്ചു അംഗങ്ങളെ കോടാലിക്കൈ കൊണ്ട് തലയ്ക്കടിച്ചു കൊന്നു എന്നാണ് ചാക്കോക്കെതിരെയുള്ള കേസ്. ചാക്കോ കൊലയ്ക്കുപയോഗിച്ചിരുന്നു എന്ന് അന്വേഷണ സംഘം കണ്ടൈത്തിയ കോടാലിയായിരുന്നു ഇയാള്‍ക്കെതിരെയുള്ള മുഖ്യ തെളിവ്. എന്നാല്‍ ഈ വാദം സുപ്രീം കോടതി തള്ളുകയായിരുന്നു.
പ്രൊസിക്യൂഷനുവേണ്ടി അഡ്വക്കേറ്റുമാരായ എസ്. ശ്രീധരന്‍, ഗ്രഷ്യേസ് കുര്യാക്കോസ്, മാലിനി പൊതുവാള്‍ എന്നിവര്‍ ഹാജരായി. ചാക്കോയ്ക്കു വേണ്ടി അഡ്വ. റോബിന്‍സിംഹാണ് ഹാജരായത്.
തടിയമ്പാട് കേസില്‍ വെറുതെവിട്ടുവെങ്കിലും മറ്റു കൊലപാതകക്കേസുകളിലും വിചാരണ നേരിടുന്നതിനാല്‍ ചാക്കോ ജയിലില്‍ തന്നെ തുടരും.
കെ.വി. ചാക്കോ എന്ന റിപ്പര്‍ ചാക്കോ 1988, 89 വര്‍ഷങ്ങളില്‍ നടത്തിയ 13 കൊലപാതകങ്ങള്‍ കേരളത്തെ ഞെട്ടിച്ചിരുന്നു. കൊലപാതകങ്ങളെത്തുടര്‍ന്ന് ചാക്കോ തമിഴ്നാട്ടില്‍ ഒളിവില്‍ പോയെങ്കിലും അന്വേഷണസംഘത്തിന്റെ പിടിയില്‍ അകപ്പെട്ടു.












Click it and Unblock the Notifications