കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ വീണ്ടും ടൈഫോയ്ഡ് ബാധ

  • By Staff
Google Oneindia Malayalam News

കൊച്ചി: പശ്ചിമകൊച്ചിയില്‍ വീണ്ടും ടൈഫോയ്ഡ് രോഗം പടരുന്നു. രോഗം ബാധിച്ച് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം വെള്ളിയാഴ്ച 50 കവിഞ്ഞു. അതേ സമയം രോഗം വ്യാപകമായി പടര്‍ന്നിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെയും കൊച്ചി നഗരസഭയുടെയും വിലയിരുത്തല്‍.

കരുവേലിപ്പടിയിലെ മഹാരാജാസ് ആശുപത്രിയില്‍ മൂന്നു പേരെ കൂടി ടൈഫോയ്ഡ് ബാധിച്ച നിലയില്‍ പ്രവേശിപ്പിച്ചു. കപ്പലണ്ടിമുക്ക് വെസ്റ് സൈഡ്, പനയപ്പിള്ളി ഗൗതം, മട്ടാഞ്ചിേ ഗൗതം എന്നീ ആശുപത്രികളിലാണ് കൂടുതല്‍ രോഗികളെ പ്രവേശിപ്പിച്ചിട്ടുള്ളത്. ആശുപത്രികളുടെ ഒ.പി.വിഭാഗത്തില്‍ നിന്നും ഇതുകൂടാതെ നിരവധി പേര്‍ മരുന്ന് വാങ്ങി പോകുന്നുണ്ട്. മട്ടാഞ്ചേരിയില്‍ നിന്നും കൊച്ചി നഗരത്തിലെ സ്വകാര്യ ആശുപത്രികളില്‍ രോഗം ബാധിച്ച് ചികിത്സക്കെത്തുന്നവരുണ്ടെങ്കിലും ഇത് സംബന്ധിച്ച കണക്കുകളൊന്നും ആരോഗ്യവകുപ്പിന്റെ പക്കലില്ല.

ഇതേ സമയം രോഗം തടയുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിന് അധികൃതര്‍ ഇനിയും രംഗത്തെത്തിയിട്ടില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. പ്രതിരോധ മരുന്ന് വിതരണം പേരിനു മാത്രമാണ് നടക്കുന്നത്. കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയില്‍ ആരംഭിച്ചിട്ടുള്ള കണ്‍ട്രോള്‍ റൂം, ടൈഫോയ്ഡ് സെല്‍ എന്നിവിടങ്ങള്‍ കേന്ദ്രമാക്കിയാണ് മരുന്ന് വിതരണം.

ശുദ്ധജല വിതരണം നടത്തുന്ന പൈപ്പുകളില്‍ കൂടി മലിനജലം കയറിയതാണ് വീണ്ടും രോഗം പൊട്ടിപ്പുറപ്പെടാനിടയാക്കിയത്. രോഗത്തിന്റെ ഉറവിടം കുടിവെള്ളത്തിലെ മാലിന്യമാണെന്ന് പല തവണ നടത്തിയ പരിശോധനകളില്‍ നിന്നും വ്യക്തമായതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും പൈപ്പുകള്‍ നന്നാക്കാനോ മാറ്റിസ്ഥാപിക്കാനോ വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടായിട്ടില്ല.

പൈപ്പുകളില്‍ ലീക്ക് കണ്ടാല്‍ വിവരമറിയിക്കണമെന്ന് വാട്ടര്‍ അതോറിറ്റി കഴിഞ്ഞ ദിവസം പത്രക്കുറിപ്പിറക്കിയിരുന്നു. പക്ഷേ മലിനജലം ഒഴുകുന്ന ഓടകളില്‍ കൂടി കടന്നുപോകുന്ന പൈപ്പുകളില്‍ ലീക്കുണ്ടെങ്കില്‍ അറിയാന്‍ കഴിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുക മാത്രമാണ് ശുദ്ധജല വിതരണം ഉറപ്പ് വരുത്താനുള്ള പോംവഴി.

ഇതിനിടെ ടൈഫോയ്ഡ് പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് വ്യാഴാഴ്ച ചേരാനിരുന്ന നഗരസഭയുടെ ഹെല്‍ത്ത് സ്റാന്റിംഗ് കമ്മിറ്റി യോഗം ചെയര്‍മാന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് മുടങ്ങി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X