പെരിയാറിലെ വെള്ളത്തില്‍ ലവണാംശം കൂടുന്നു
കൊച്ചി: പെരിയാറിലെ ജലനിരപ്പില്‍ കാര്യമായ വര്‍ധവുണ്ടാകാത്തതിനെ തുടര്‍ന്ന് ഓരുവെള്ള ഭീഷണി ശക്തിയാര്‍ജിക്കുന്നു. പെരിയാറില്‍ ലവണാംശം ദിനം തോറും ഉയരുന്നതിനെ തുടര്‍ന്ന് ഏലൂര്‍ വ്യവസായ മേഖലയില്‍ ഫാക്ടറികള്‍ അടയ്ക്കേണ്ട സ്ഥിതിയിലായി. കുടിവെള്ളത്തില്‍ ഉപ്പുരസം കലര്‍ന്നെന്ന പരാതിയും വ്യാപകമായിട്ടുണ്ട്.
ഡിസംബര്‍ 17 ഞായറാഴ്ച രാവിലെ എട്ടിന് ഏലൂര്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സില്‍ പരിശോധനയ്ക്കായി ശേഖരിച്ച സാമ്പിളില്‍ ലവണാംശം 252 പിഎം ആണ് രേഖപ്പെടുത്തിയതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. വാട്ടര്‍ അതോറിറ്റിയുടെ മുപ്പത്തടം ജലശുദ്ധീകരണ പ്ലാന്റില്‍ പുഴയില്‍ നിന്നും പമ്പ് ചെയ്ത വെള്ളത്തില്‍ ഉപ്പുരസം കഴിഞ്ഞ ദിവസങ്ങളിലേതിലും കൂടുതലായിരുന്നു. കൊച്ചി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പൈപ്പുകളില്‍ കൂടി ലഭിച്ച കുടിവെള്ളത്തില്‍ ഉപ്പുരസമുള്ളതായി നാട്ടുകാര്‍ ശനിയാഴ്ചയും പരാതിപ്പെട്ടു.
പെരിയാറില്‍ ഉപ്പുവെള്ളത്തിന്റെ അംശം കുറയ്ക്കാനായി ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിട്ടെങ്കിലും പുഴയിലെ ജലനിരപ്പില്‍ പറയത്തക്ക വര്‍ധനവുണ്ടായിട്ടില്ല.
പെരിയാറിലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്നാണ് കായലില്‍ നിന്നും ഓരുജലം പുഴയിലേക്ക് തള്ളിക്കയറിയത്. ഓരുവെള്ളം തടയുന്നതിന് പുറപ്പിള്ളിക്കടവിലും പാതാളത്തും നിര്‍മിക്കുന്ന ബണ്ട് ഇനിയും പൂര്‍ത്തിയാകാത്തതും സ്ഥിതി ഗുരുതരമാകാന്‍ കാരണമായി. മണല്‍വാരലിനെ തുടര്‍ന്ന് പുഴയുടെ ആഴം കൂടിയതും ഉപ്പുവെള്ളത്തിന്റെ തള്ളിക്കയറ്റം അനിയന്ത്രിതമാക്കി.
ഇതിനിടെ പെരിയാറില്‍ നിന്നും മണല്‍ വാരുന്നവര്‍ക്കെതിരെ ജില്ലാ ഭരണകൂടം നടപടി കര്‍ശനമാക്കി. പതിനഞ്ചോളം വള്ളങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.












Click it and Unblock the Notifications