പ്രതിപക്ഷം സഭക്ക് പുറത്ത് ധര്‍ണ നടത്തി
തിരുവനന്തപുരം: നിയമസഭസമ്മേളനം തുടങ്ങിയ ദിവസമായ ഡിസംബര്‍ 18 തിങ്കളാഴ്ച പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കുകയും പിന്നീട് സഭാകവാടത്തില്‍ സത്യഗ്രഹം നടത്തുകയും ചെയ്തു.
വിഷമദ്യദുരന്തങ്ങളെ കുറിച്ച് അന്വേഷിക്കുന്ന ജസ്റിസ് മോഹന്‍കുമാര്‍ കമ്മിഷന്റെ അന്വേഷണപരിധിയില്‍ രാഷ്ട്രീയപാര്‍ട്ടികളും മദ്യമാഫിയയും തമ്മിലുള്ള അവിഹിതബന്ധം കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സത്യാഗ്രഹം നടത്തിയത്.
നേരത്തെ മദ്യദുരന്തങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി.
കേരള കോണ്‍ഗ്രസ് ലീഡര്‍ ആര്‍.ബാലകൃഷ്ണപിള്ളയാണ് അടിയന്തിരപ്രമേയത്തിന് അനുമതി തേടിയത്. ശിവദാസമേനോന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. മുമ്പ് കേരളത്തില്‍ മദ്യദുരന്തങ്ങളുണ്ടായപ്പോള്‍ അന്നത്തെ എക്സൈസ് മന്ത്രിമാര്‍ രാജിവെച്ചിരുന്നില്ലെന്ന് ശിവദാസമേനോന്‍ പറഞ്ഞു.
തുടര്‍ന്ന് പ്രതിപക്ഷ നേതാവ് എ.കെ.ആന്റണിയുടെ നേതൃത്വത്തില്‍ ഇറങ്ങിപ്പോയ പ്രതിപക്ഷം അല്പനേരത്തിനു ശേഷം തിരിച്ചെത്തി. എക്സൈസ് മന്ത്രി ടി.ശിവദാസമേനോന്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്കിറങ്ങി.
സ്പോര്‍ട്സ് ബില്ലിനെ കുറിച്ച് ചര്‍ച്ച ചെയ്യാനായി അംഗങ്ങള്‍ ബഹളം നിര്‍ത്തണമെന്ന് സ്പീക്കര്‍ എം.വിജയകുമാര്‍ ആവശ്യപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു.
ഒരു മണിക്കൂറിനു ശേഷം സഭ വീണ്ടും ചേര്‍ന്നപ്പോള്‍ സഭാ നടപടികള്‍ പ്രതിപക്ഷം ബഹിഷ്കരിക്കുകയാണെന്ന് എ.കെ.ആന്റണി പറഞ്ഞു. തുടര്‍ന്ന് സഭക്കു പുറത്തേക്കിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ കവാടത്തില്‍ ധര്‍ണ നടത്തുകയായിരുന്നു.
തിങ്കളാഴ്ച സഭ പിരിയുന്നതുവരെ ധര്‍ണ നടത്തുമെന്ന് ആന്റണി വാര്‍ത്താ ലേഖകരോട് പറഞ്ഞു.












Click it and Unblock the Notifications