കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെടുമ്പാശ്ശേരി വിമാനത്താവളം നഷ്ടത്തിലേയ്ക്ക്

  • By Staff
Google Oneindia Malayalam News

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം കനത്ത നഷ്ടത്തിലേയ്ക്ക്. രാജ്യാന്തര വ്യോമപഥത്തില്‍ കേരളത്തിനും കൊച്ചിക്കും സവിശേഷ സ്ഥാനം നേടിക്കൊടുക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന വിമാനത്താവളമാണിത്.

വിദേശ വിമാനത്താവള കമ്പനികള്‍ക്ക് സര്‍വീസ് നടത്തുന്നതിന് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തതും സംസ്ഥാന സര്‍ക്കാര്‍ ഇതിനായി വേണ്ട രീതിയില്‍ സമ്മര്‍ദ്ദം ചെലുത്താത്തതുമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തെ നഷ്ടത്തിലാക്കിയിരിക്കുന്നത്.

വിദേശവിമാനക്കമ്പനികളായ സൗദിയയും തുര്‍ക്ക്മെനിസ്ഥാന്‍ എയര്‍ലൈന്‍സും നെടുമ്പാശ്ശേരിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കുമെന്ന അധികൃതരുടെ അവകാശവാദം ഇപ്പോഴും പ്രഖ്യാപനമായി തുടരുകയാണ്. ശ്രീലങ്ക, ഖത്തര്‍, ഒമാന്‍, സിംഗപ്പൂര്‍, കുവൈറ്റ്, യു എ ഇ തുടങ്ങിയ രാജ്യങ്ങളുടേതടക്കം 22 വിമാനക്കമ്പനികള്‍ നെടുമ്പാശ്ശേരിയില്‍ നിന്നും സര്‍വീസ് തുടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

സര്‍വീസിന് സന്നദ്ധത പ്രകടിപ്പിച്ച എയര്‍ലൈനുകളുടെ അപേക്ഷകള്‍ സമാഹരിച്ച് വിമാനത്താവളക്കമ്പനിയിലെ വിദേശ ഇന്ത്യാക്കാരായ ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ കേന്ദ്രസര്‍ക്കാരിനു നല്‍കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഇതിന്മേല്‍ ഇതു വരെ നടപടിയൊന്നുമായിട്ടില്ല.അപേക്ഷ ലഭിച്ചാല്‍ മൂന്ന് മുതല്‍ ആറ് വരെ ആഴ്ചയ്ക്കുള്ളില്‍ നടപടി ഉണ്ടാകണമെന്ന ചട്ടം ഇക്കാര്യത്തില്‍ നടപ്പാക്കുന്നതിലും അധികൃതര്‍ വീഴ്ച വരുത്തി.

അപേക്ഷയ്ക്ക് ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്നും ഒരു മറുപടിയും ലഭിക്കാത്തത് വിദേശവിമാനക്കമ്പനികളെ അമ്പരിപ്പിച്ചിരിക്കുകയാണ്. 2001 ആഗസ്തിനകം അഞ്ച് വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കാമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നു മാത്രമാണ് വിമാനത്താവളക്കമ്പനി ഇപ്പോള്‍ പറയുന്നത്. എന്നാല്‍ കനത്ത വിമര്‍ശനമുയരുമ്പോള്‍ ഓഹരി ഉടമകളെയും പൊതുജനത്തേയും ആശ്വസിപ്പിക്കുന്നതിനുള്ള പതിവു തന്ത്രമാണിതെന്ന് ആരോപണമുണ്ട്.

കഴിഞ്ഞ നവംബര്‍ മുതല്‍ നെടുമ്പാശ്ശേരിയില്‍ നിന്നും രണ്ട് സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്ന ഗള്‍ഫ് എയര്‍വേയ്സ് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നതാണ്. സൗദിയ അധികൃതര്‍ ദിവസങ്ങളോളം കൊച്ചിയില്‍ ട്രാവല്‍ ഏജന്‍സികളുമായും മറ്റും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ് എയര്‍വേയ്സ് ഇതിനകം പുതിയ സര്‍വീസ് ആരംഭിക്കുകയും ചെയ്തു.

വിമാനത്താവളക്കമ്പനി അറിയിച്ച എയര്‍ ഇന്ത്യാ സര്‍വീസുകള്‍ പോലും ഇതുവരെ നെടുമ്പാശ്ശേരിയില്‍ നിന്നും തുടങ്ങിയിട്ടില്ല. എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട മുംബൈ ലോബിയുടെ സമ്മര്‍ദ്ദവും നെടുമ്പാശ്ശേരിയില്‍ നിന്നും വിമാനസര്‍വീസുകള്‍ തുടങ്ങുന്നതിന് തടസമാകുന്നുണ്ടെന്നറിയുന്നു.

നെടുമ്പാശ്ശേരി വിമാനത്താവളം കൂടുതല്‍ നഷ്ടത്തിലേയ്ക്കു നീങ്ങിത്തുടങ്ങിയതോടെ കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് കമ്പനി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.വിമാനത്താവളക്കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഇ കെ നായനാര്‍ ഇത് സംബന്ധിച്ച് താമസിയാതെ കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ടേക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X