സ്വര്‍ണത്തിന് എന്തുപറ്റി? വില സ്തംഭിച്ച് മൂന്നാംദിനം, 22, 18 കാരറ്റ് പവന്‍, ഗ്രാം വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഇത് മൂന്നാം ദിവസമാണ് സ്വര്‍ണവില ഒരേ നിരക്കില്‍ തുടരുന്നത്. ആഗോള വിപണിയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ മാറ്റമില്ല. പുതിയ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറയുന്നു എന്ന വെല്ലുവിളിയും ജ്വല്ലറി മേഖല നേരിടുന്നുണ്ട്. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുന്നവരും മാറ്റി വാങ്ങുന്നവരും കൂടിയിട്ടുണ്ട്.
ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4485 ഡോളറാണ് പുതിയ നിരക്ക്. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 96 ഡോളറായി ഉയര്‍ന്നു. അമേരിക്കന്‍ ഡോളര്‍ സൂചിക 99.26 എന്ന നിരക്കിലേക്ക് ഉയര്‍ന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം 95.67 ആയി താഴ്ന്നു. മേല്‍പ്പറഞ്ഞ ഘടകങ്ങളെല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതാണ്. ഇനി കേരളത്തിലെ വിവിധ കാരറ്റ് സ്വര്‍ണവില അറിയാം...

22 കാരറ്റ് സ്വര്‍ണം പവന് 114560 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണം പവന് 94120 രൂപയാണ് നല്‍കേണ്ടത്. അതേസമയം, 22 കാരറ്റ് ഗ്രാമിന് 14320 രൂപയും 18 കാരറ്റ് ഗ്രാമിന് 11765 രൂപയുമാണ് വില. കേരളത്തില്‍ സ്വര്‍ണം മത്രമല്ല, വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 280 രൂപയും പത്ത് ഗ്രാമിന് 2800 രൂപയുമാണ് വെള്ളിയുടെ വില.
ബജറ്റില്‍ സുപ്രധാന പ്രഖ്യാപനം
ആഭരണം വാങ്ങുന്നവര്‍ക്ക് സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമെ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൂടി അധിക ചെലവ് വരും. നികുതി ഈടാക്കാതെ പല ജ്വല്ലറികളും ആഭരണം വില്‍ക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നികുതി വെട്ടിപ്പ് തടയുന്നതിന് ഈ മാസം അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് സൂചന.
അതേസമയം, നികുതി പിരിവിന്റെ മറവില്‍ ജിഎസ്ടി ഉദ്യോഗസ്ഥരുടെ അമിത ഇടപെടല്‍ ഒഴിവാക്കണം എന്ന് ജ്വല്ലറി വ്യാപാരികള്‍ ആവശ്യപ്പെടുന്നു. ന്യായമായ രീതിയില്‍ വ്യാപാരം നടത്തുന്നവരെ പ്രയാസപ്പെടുത്തരുതെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. സ്വര്‍ണവില കുത്തനെ വര്‍ധിച്ച സാഹചര്യത്തില്‍ ജ്വല്ലറി വ്യാപാര മേഖല കടുത്ത വെല്ലുവിളി നേരിടുന്നുണ്ട്.
അമേരിക്കയും ഇറാനും വീണ്ടും കൊമ്പുകോര്‍ത്ത സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വില ഉയരുകയാണ്. ഡോളറിന് കൂടുതല്‍ ആവശ്യക്കാര്‍ വരുന്ന അന്തരീക്ഷമാണ് വിപണിയില്‍. ഇത് രൂപയുടെ മൂല്യം കുറയ്ക്കും. മാത്രമല്ല, പണപ്പെരുപ്പം വര്‍ധിക്കുകയും ചെയ്യും. അത് സാധാരണ ജനങ്ങള്‍ക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് ഉറപ്പാണ്. നിലവിലെ വെല്ലുവിളിക്ക് പരിഹാരം ഉണ്ടാകണം എങ്കില്‍ പശ്ചിമേഷ്യയിലെ യുദ്ധം അവസാനിക്കണം.














Click it and Unblock the Notifications