യുവജനോത്സവം: കിരീടപ്പോരാട്ടം ഫോട്ടോഫിനിഷിലേക്ക്
തൊടുപുഴ: 41ാമത് സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിന്റെ കിരീടനിര്‍ണ്ണയം ഫോട്ടോഫിനിഷ് ആയിരിക്കുമെന്ന് ഉറപ്പായി.
യുവജനോത്സവത്തിന്റെ അവസാന ദിവസമായ ജനവരി 14 ഞായറാഴ്ച 63 ഇനങ്ങളിലെ ഫലം അറിവായപ്പോള്‍ തൃശ്ശൂര്‍ കോഴിക്കോടിനു മേല്‍ രണ്ടു പോയിന്റിന്റെ ലീഡ് നേടി. തൃശ്ശൂരിന് 287ഉം കോഴിക്കോടിന് 285ഉം പോയിന്റുകളാണുള്ളത്.
മൂന്നാം സ്ഥാനത്തുളള എറണാകുളം ജിലയ്ക്ക് 271 പോയിന്റുണ്ട്. 264 പോയിന്റ് നേടിയ കണ്ണൂരാണ് നാലാം സ്ഥാനത്ത്.
കൊറ്റന്‍കുളങ്ങര വി.എച്ച്.എസ്സിലെ അമ്പിളിദേവി യുവജനോത്സവത്തിലെ കലാതിലകമായി. ഞായറാഴ്ച രാവിലെ നടന്ന മോണോ ആക്ട് മത്സരത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയതോടെയാണിത്.
നിലവിലുള്ള ചട്ടപ്രകാരം ഇത്തവണ കലാപ്രതിഭ ഉണ്ടാവില്ലെന്നതാണ് സ്ഥിതി. നൃത്ത- നൃത്തേതര ഇനങ്ങളില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ച ആരും ഇല്ലാത്തതിനാലാണിത്.
അതേ സമയം ഇക്കുറി പ്രതിഭയും തിലകവും തീര്‍ച്ചയായും ഉണ്ടാവുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.ജെ.ജോസഫ് വ്യക്തമാക്കി. അതിന് ആവശ്യമായ രീതിയില്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
യുവജനോത്സവത്തിലെ കുച്ചിപ്പുഡി, കഥാപ്രസംഗ മത്സരഫലങ്ങളില്‍ അപ്പീല്‍ കമ്മിറ്റി മാറ്റം വരുത്തി. യുവജനോത്സവത്തിനെത്തിയ വിധികര്‍ത്താക്കളെ സ്വാധീനിക്കുന്നതില്‍ ചിലര്‍ വിജയിച്ചിട്ടുണ്ടെന്ന് വ്യക്തമായതായി അപ്പീല്‍ കമ്മിറ്റിയംഗം ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍ പറഞ്ഞു.












Click it and Unblock the Notifications