നാദാപുരം: വിലാപയാത്രയില്‍ അക്രമം
കോഴിക്കോട്: പാറക്കടവില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ തയ്യുള്ളതില്‍ മൊയ്തീന്‍ ഹാജിയുടെ മൃതദേഹവും വഹിച്ചു കൊണ്ട് ജനവരി 15 തിങ്കളാഴ്ച വൈകീട്ട് നടന്ന വിലാപയാത്ര അക്രമാസക്തമായി.
വിലാപയാത്ര സഞ്ചരിച്ച വഴികളില്‍ പലയിടത്തും കല്ലേറും തീവെപ്പും നടന്നു. പിന്നീട് മൊയ്തീന്‍ ഹാജിയുടെ മൃതദേഹം പാറക്കടവ് ജുമാ അത്ത് പള്ളിയില്‍ ഖബറടക്കി.
സിപിഎം അക്രമത്തില്‍ പ്രതിഷേധിക്കാന്‍ യുഡിഎഫ് ആഹ്വാനം ചെയ്ത കോഴിക്കോട് ജില്ലാ ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. ഹര്‍ത്താലിനോടനുബന്ധിച്ച് പലയിടത്തും അക്രമം നടന്നു. കര്‍ണാടകത്തില്‍ നിന്നുള്ള അയ്യപ്പ ഭക്തന്മാരെയും കൊണ്ടുവന്ന വാഹനത്തിനു നേരെ നടന്ന കല്ലേറില്‍ അനില എന്ന എട്ടു വയസ്സുകാരിക്ക് പരിക്കേറ്റു.
സംഘര്‍ഷം അവസാനിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ വിളിച്ചു കൂട്ടിയ സമാധാന യോഗം തുടങ്ങാനായില്ല. മുസ്ലീം ലീഗ് നേതാക്കളാരും യോഗത്തിന് എത്താതിരുന്നതിനാലാണിത്.
നാദാപുരത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ തിരുവനന്തപുരത്ത് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സമാധാനം നിലനിര്‍ത്തുന്നതിന് സ്വീകരിക്കുന്ന നടപടികളുമായി എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
നാദാപുരത്തെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്‍ ആവശ്യപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കുന്നതിന് പൊലീസിനെ നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications