ഭക്ഷ്യനയം പൊതുവിതരണ സമ്പ്രദായം തകര്‍ക്കും
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പുത്തന്‍സാമ്പത്തിക നയങ്ങളുടെ ഭാഗമായ ഭക്ഷ്യനയം തുടരുകയാണെങ്കില്‍ വരുന്ന ഏപ്രിലോടു കൂടി രാജ്യത്തെ പൊതുവിതരണ സമ്പ്രദായം ഇല്ലാതാകുമെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ഇ. ചന്ദ്രശേഖരന്‍ നായര്‍.
ജനവരി 19 വെള്ളിയാഴ്ച തിരുവനന്തപുരത്ത് കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്റെ രജതജൂബിലി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ സാമ്പത്തിക നയങ്ങള്‍ ഇന്ത്യയുടെ ഭക്ഷ്യസ്വയംപര്യാപ്തത ഇല്ലാതാക്കും. സബ്സിഡി കുറച്ച് 1,000 കോടി രൂപ ലാഭിക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍ തെറ്റാണെന്ന് മാസങ്ങള്‍ക്കുള്ളില്‍ ബോധ്യപ്പെടും. ലാഭത്തിനു പകരം 20,000 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാരിന് വരാന്‍ പോകുന്നത് - മന്ത്രി ചൂണ്ടിക്കാട്ടി.
ഭൂരിഭാഗം പേരും പട്ടിണിയില്‍ കിടക്കുന്ന ഇന്ത്യയില്‍ നാലര കോടിയില്‍ കൂടുതല്‍ ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഉല്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇവ യഥാവിധി സംഭരിക്കാന്‍ കഴിയാതെ കടലില്‍ ഒഴുക്കുന്നത് കഷ്ടം തന്നെയാണെന്ന് മന്ത്രി പറഞ്ഞ്. ഇതേ നയം തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ഇനിയും തുടരുന്നതെങ്കില്‍ അരിയും ഗോതമ്പും ഇറക്കുമതി ചെയ്ത 1947 കാലഘട്ടത്തിലേക്ക് ഇന്ത്യ തിരിച്ചുപോകുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.












Click it and Unblock the Notifications