എറണാകുളത്ത് നികുതി പിരിവ് ഊര്‍ജിതം
കൊച്ചി: സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ എറണാകുളം ജില്ലയില്‍ നികുതി പിരിവ് ഊര്‍ജിതമാക്കി. കുടിശികക്കാര്‍ക്കെതിരെ ജപ്തി, അറസ്റ് നടപടികളുമായാണ് അധികൃതര്‍ രംഗത്തെത്തിയിട്ടുള്ളത്.
സംസ്ഥാനത്ത് ഏറ്റവുമധികം നികുതിവരുമാനമുള്ള ജില്ലയാണ് എറണാകുളം. മോട്ടോര്‍വാഹന വകുപ്പില്‍ നിന്നും വില്പനനികുതി വകുപ്പില്‍ നിന്നുമാണ് ഏറ്റവുമധികം വരുമാനം സര്‍ക്കാര്‍ ഖജനാവിലെത്തുന്നത്. മുന്‍വര്‍ഷങ്ങളില്‍ നികുതി സമാഹരണം ലക്ഷ്യം കവിഞ്ഞ ചരിത്രവും ജില്ലയ്ക്കുണ്ട്.
ഈ വര്‍ഷം നികുതിയിനത്തില്‍ 35 കോടിയോളം രൂപയാണ് ജില്ലയിലെ കിട്ടാക്കടം. വില്പനനികുതിയിനത്തിലാണ് കുടിശിക കൂടുതല്‍. സമ്മര്‍ദ്ദതന്ത്രവും ജപ്തിഭീഷണിയും വിലപോകുന്നില്ലെങ്കില്‍ കുടിശികക്കാരെ അറസ്റ് ചെയ്യാനാണ് നിര്‍ദേശം. കര്‍ശന നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദേശം നടപ്പാക്കാന്‍ ഡപ്യൂട്ടി കളക്ടര്‍മാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
മാര്‍ച്ച് 31നു മുമ്പ് കുടിശിക ഉള്‍പ്പെടെ 100 കോടി രൂപയുടെ വരുമാനമുണ്ടാക്കണമെന്നാണ് റവന്യു റിക്കവറി വിഭാഗത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ പകുതി പോലും പിരിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും പരമാവധി ശ്രമിക്കണമെന്ന് രേഖാമൂലം ഉത്തരവ് നല്‍കിയിട്ടുണ്ട്.
വന്‍കുടിശികക്കാരില്‍ പലര്‍ക്കും ഹൈക്കോടതിയും അപ്പലേറ്റ് അതോറിറ്റിയും സ്റേ നല്‍കിയിട്ടുള്ളത് നികുതിപിരിവിനെ ബാധിക്കുന്നുണ്ട്. നികുതി ഈടാക്കേണ്ട സര്‍ക്കാരും ചില കുടിശികക്കാര്‍ക്ക് സ്റേ നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications