വിനോദസഞ്ചാരികള്‍ക്ക് ഇനി ചലിക്കുന്ന കൊട്ടാരം
തിരുവനന്തപുരം: കിടപ്പുമുറിയും കുളിമുറിയും ടെലിവിഷനും ഉള്‍പെടെയുള്ള സൗകര്യവുമായി വിനോദ സഞ്ചാരികള്‍ക്ക് പഞ്ചനക്ഷത്ര ബസ് ഒരുങ്ങി.
കേരള വിനോദസഞ്ചാര വകുപ്പാണ് ഈ ബസ് പുറത്തിറക്കിയത്. 65 ലക്ഷം രൂപ വില വരുന്ന ഈ എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ അഞ്ചു പേര്‍ക്കു വീതം താമസിക്കാവുന്ന രണ്ടു കിടപ്പുമുറികളുണ്ട്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കുളിമുറിയും അടുക്കളയും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ടിവിയും വിസിആറും ഓഡിയോ സംവിധാനവുമുണ്ട്. ഇത്തരം രണ്ടു ബസുകളില്‍ ആദ്യത്തേതിന്റെ ഉദ്ഘാടനം ഫിബ്രവരി 23 വെള്ളിയാഴ്ച വിനോദ സഞ്ചാരമന്ത്രി ഇ. ചന്ദ്രശേഖരന്‍നായര്‍ നിര്‍വഹിച്ചു.
സഞ്ചാര സൗധം എന്ന് പേരിട്ടിരിക്കുന്ന ഈ ബസില്‍ മൂന്നു മണിക്കൂര്‍ നേരം യാത്രചെയ്യാനുള്ള കുറഞ്ഞ വാടക 1200 രൂപയാണ്. ഈ സമയത്തിനുള്ളില്‍ പരമാവധി 50 കിലോമീറ്റര്‍ ദൂരം വരെ യാത്രചെയ്യാം. ദിവസ വാടക 2500 രൂപയാണ് . ഇതിനു പുറമെ കിലോമീറ്ററിന് 15 രൂപ വീതം ഈടാക്കും.
പരിചയ സമ്പന്നനായ ഒരു പാചകക്കാരന്റെ സേവനം സൗജന്യമായി നല്കും. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെയാണ് ഈ ബസുകള്‍ നിര്‍മ്മിച്ചതെന്ന് കെടിഡിസി മാനേജിംഗ് ഡയറക്ടര്‍ എ. ജയതിലക് പറഞ്ഞു.