കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെടുമ്പാശ്ശേരിയില്‍ അധോലോകം സജീവം

  • By Staff
Google Oneindia Malayalam News

കൊച്ചി: നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന അധോലോക പ്രവര്‍ത്തനങ്ങള്‍ അനിയന്ത്രിതമാകുന്നു. അടുത്തകാലത്ത് അരങ്ങേറിയ അക്രമസംഭവങ്ങളും തീവ്രവാദി സാന്നിധ്യവുമൊക്കെ നെടുമ്പാശ്ശേരിക്ക് കുപ്രസിദ്ധി നേടിക്കൊടുക്കുമെന്ന ആശങ്ക വ്യാപകമായുണ്ട്.

വ്യാജ പാസ്പോര്‍ട്ട് ഇടപാട്, വ്യാജ കറന്‍സി കൈമാറ്റം, സ്വര്‍ണ കള്ളക്കടത്ത് എന്നിവ തുടങ്ങി ഭീകരപ്രവര്‍ത്തകരെ കടത്തിവിടുന്നത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം നെടുമ്പാശ്ശേരിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മോഷണവും മറ്റ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ഇതിന് പുറമെയാണ്.

കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് രാജ്യം വിടാന്‍ ശ്രമിച്ച ഇരുപത് പേരോളം ഇവിടെ പിടിയിലായി. ഇതില്‍ ചിലരുടെ എല്‍ടിടിഇ ബന്ധം സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്. നെടുമ്പാശ്ശേരിയില്‍ നിന്നും ദുബായിലെത്തി അവിടെ നിന്നും യൂറോപ്പിലേക്ക് കടക്കാനെത്തിയവരായിരുന്നു പിടിയിലായ ശ്രീലങ്കന്‍ തമിഴ് വംശജരിലേറെയും.

അനധികൃത കറന്‍സി ഇടപാടും നെടുമ്പാശ്ശേരിയില്‍ തകൃതിയായി നടക്കുന്നു. വിമാനത്താവളത്തിലെ ബാങ്ക് കൗണ്ടര്‍ ജീവനക്കാര്‍ക്കും പൊലീസിലെ തന്നെ പലര്‍ക്കും ഈ ഇടപാടുകളില്‍ പങ്കുണ്ട്. കറന്‍സി ഇടപാടിനെ കുറിച്ച് വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് പ്രാദേശിക പത്രപ്രവര്‍ത്തകരെ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയ സംഭവവും ഒരു മാസം മുമ്പ് നെടുമ്പാശ്ശേരിയില്‍ നടന്നു.

മോഷ്ടാക്കളുടെയും പിടിച്ചുപറിക്കാരുടെയും വിഹാരവീഥിയാണ് വിമാനത്താവളത്തിലേക്കുള്ള വിഐപി റോഡ്. മുംബൈയില്‍ നിന്നും നെടുമ്പാശ്ശേരിയിലെത്തിച്ച് കാര്‍ മാര്‍ഗം എറണാകുളത്തേക്ക് കൊണ്ടുവരികയായിരുന്ന 17 കിലോഗ്രാം സ്വര്‍ണം അക്രമിസംഘം കാര്‍ തടഞ്ഞ് തട്ടിയെടുത്തത് ഇവിടെ വച്ചാണ്. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളത്തെ ഒരു പ്രമുഖ ജ്വല്ലറിയുടെ പാര്‍ട്ണറടക്കമുള്ളവര്‍ പൊലീസിന്റെ പിടിയിലായിരുന്നു.

സ്റേഷന്‍ ഹൗസ് ഓഫീസറുടെ കീഴില്‍ വിപുലമായ സംവിധാനങ്ങളോടെ ഒരു പൊലീസ് സ്റേഷന്‍ സ്ഥാപിക്കണമെന്ന ആവശ്യം ഇപ്പോഴും സര്‍ക്കാരിന്റെ അനുമതി കാത്തുകിടക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X