കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൂറനാലച്ചന്‍ ചരിത്രം സൃഷ്ടിക്കുന്നു

  • By Staff
Google Oneindia Malayalam News

സുല്‍ത്താന്‍ ബത്തേരി(വയനാട്): നൂറനാലച്ചന്‍ എന്നറിയപ്പെടുന്ന ഫാദര്‍ മത്തായി നൂറനാല്‍ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുന്നു. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ക്രിസ്തീയ പുരോഹിതന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകുന്നത്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സി പി എം പിന്തുണയുള്ള സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണ് ഫാദര്‍ മത്തായി നൂറനാല്‍. സി പി എം മാര്‍ച്ച് 25 ഞായറാഴ്ച പുറത്തുവിട്ട സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഫാദര്‍ നൂറനാലും ഉള്‍പ്പെടുന്നു. കേരളത്തിലെ പ്രബല ക്രിസ്ത്യന്‍ സമുദായമായ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ വൈദികനാണ് നൂറനാലച്ചന്‍. സഭയുടെ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനത്തിനു കീഴിലാണ് അച്ചന്‍ പ്രവര്‍ത്തിക്കുന്നത്.

നൂറനാലച്ചനു മുമ്പും ക്രിസ്തീയ പുരോഹിതന്മാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച പാരമ്പര്യം കേരളത്തിലുണ്ട്. 1977 ലെ തിരഞ്ഞെടുപ്പിലാണത്. വടക്കനച്ചന്‍ എന്നറിയപ്പെടുന്ന ഫാദര്‍ വടക്കനും ഫാദര്‍ ഔസേഫ് പാത്തിക്കലുമായിരുന്നു സഭാസേവനം വിട്ട് പൊതുജനസേവനത്തിനായി തിരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയത്. ഫാദര്‍ വടക്കന്‍ മത്സരിച്ചത് കണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ കേരള തൊഴിലാളി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു. ഔസേഫ് പാത്തിക്കല്‍ കോര്‍ എപ്പിസ്ക്കോപ്പ മത്സരിച്ചത് കുന്നത്തുനാട് മണ്ഡലത്തില്‍ സ്വതന്ത്രനായിട്ടായിരുന്നു. പക്ഷേ ഇരുവരും പരാജയപ്പെട്ടു. വടക്കനച്ചന്‍ 10,000 ല്‍ അധികം വോട്ടും പാത്തിക്കലച്ചന്‍ 7,000 ല്‍ പരം വോട്ടും പിടിച്ചു. അതിനു ശേഷം ഇതാദ്യമായാണ് ഒരു വൈദികന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിക്കുപ്പായം അണിയുന്നത്.

പുരോഹിതന്മാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് ഓര്‍ത്തഡോക്സ് സഭയ്ക്ക് എതിര്‍പ്പൊന്നുമില്ലെന്ന് ഫാദര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ കുറിയാക്കോസ് മാര്‍ ക്ലിമീസ് മെത്രാപ്പോലീത്തായുടെ ആശീര്‍വാദത്തോടെയാണ് താന്‍ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫാദര്‍ നൂറനാല്‍ വയനാട്ടിലെ കുടിയേറ്റക്കാര്‍ക്കിടയിലെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിലൂടെ പ്രശസ്തനാണ്. മലബാര്‍ മേഖലയിലെ മികച്ച സഹകാരിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമാണ് അച്ചന്‍. വയനാട്ടിലെ ആദ്യത്തെ കോളേജായ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജിന്റെ സ്ഥാപകനും മാനേജറുമാണ് ഇദ്ദേഹം.1965 ല്‍ അച്ചന്‍ സ്ഥാപിച്ചതാണ് സെന്റ്മേരീസ് കോളേജ്.സുല്‍ത്താന്‍ ബത്തേരി സഹകരണ ബാങ്കിന്റെ വൈസ്പ്രസിഡന്റായ അച്ചന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും സാമൂഹ്യശ്രദ്ധയാകര്‍ഷിക്കുന്നു.

ഓര്‍ത്തഡോക്സ് സഭയിലെ പ്രമുഖ വൈദികരിലൊരാളായ ഫാദര്‍ നൂറനാല്‍ സഭാ മാനേജിംഗ് കമ്മിറ്റി അംഗം കൂടിയാണ്. 1985 ല്‍ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനം സ്ഥാപിച്ചതു മുതല്‍ 1991 വരെ ഭദ്രാസനത്തിന്റെ അഡ്മിനിസ്ട്രേറ്റര്‍ കൂടിയായിരുന്നു ഫാദര്‍ നൂറനാല്‍.

പിന്നോക്ക ജില്ലയായ വയനാട്ടിന്റെ വികസനത്തിന് നൂറനാലച്ചന്‍ നല്‍കിയ സംഭാവനകളുടെയും സഹകാരി, വിദ്യാഭ്യാസ- സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെയും അംഗീകാരമായാണ് അച്ചന് സി പി എം പിന്തുണ നല്‍കുന്നതെന്ന് സി പി എം നേതൃത്വം വ്യക്തമാക്കി.

കേരളത്തിലെ മറ്റൊരു പ്രബല ക്രിസ്തീയ സഭയായ കത്തോലിക്കാ സഭയിലെ പുരോഹിതന്മാര്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് നിരോധനമുണ്ട്. എന്നാല്‍, ഓര്‍ത്തഡോക്സ്, യാക്കോബായ സമുദായങ്ങളിലെ പുരോഹിതന്മാര്‍ക്ക് ഇത്തരം വിലക്കുകളൊന്നുമില്ല. മുന്‍പും ഓര്‍ത്തഡോക്സ്, യാക്കോബായ സഭകളിലെ പുരോഹിതന്മാര്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട്- പക്ഷേ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലാണെന്നു മാത്രം. ഏതായാലും നൂറനാലച്ചന്റെ സ്ഥാനാര്‍ത്ഥിക്കുപ്പായം ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ തന്നെ പുതിയ സംഭവമാണ്.

ലഒപ്പം വിമോചനസമരത്തിന്റെ മുന്‍നിരയില്‍ നിന്ന് ലോകത്തിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അട്ടിമറിച്ച ക്രിസ്ത്യന്‍പാരമ്പര്യത്തിന് ഒരു തിരുത്തിയെഴുത്തലും...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X