കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഡില്ലെങ്കിലും വോട്ട് ചെയ്യാം

  • By Staff
Google Oneindia Malayalam News

ദില്ലി: മെയ് പത്തിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചിട്ടില്ലാത്തവര്‍ മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖ ലഭ്യമാക്കിയാല്‍ അവരെ വോട്ട് ചെയ്യാന്‍ അനുവദിക്കാമെന്ന് കമ്മീഷന്‍ അറിയിച്ചു. ഇതിനായി 16 രേഖകള്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ആദായനികുതി വകുപ്പിന്റെ പാന്‍ കാര്‍ഡ്, കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരുടെ ഐഡന്റിറ്റി കാര്‍ഡ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ ശാലകള്‍ ഇവ നല്‍കുന്ന ഐഡന്റിറ്റി കാര്‍ഡ്, കിസാന്‍ കാര്‍ഡ്, പോസ്റ്റ് ഓഫീസ് പാസ് ബുക്ക്, 2001 ജനവരി ഒന്നിനു മുമ്പായി ലഭിച്ച റേഷന്‍ കാര്‍ഡ്, പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അധികൃതര്‍ നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യാര്‍ത്ഥികളുടെ ഐഡന്റിറ്റി കാര്‍ഡുകള്‍, ആധാരം, പട്ടയം തുടങ്ങിയ രേഖകള്‍, തോക്ക് ലൈസന്‍സ്, വിമുക്ത ഭടന്റെ വിധവയ്ക്ക് നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റ്, പെന്‍ഷന്‍ രേഖ, മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നു ലഭിച്ചിട്ടുള്ള കണ്ടക്ടര്‍ ലൈസന്‍സ്, ട്രെയിന്‍-ബസ് പാസ്, വികലാംഗ സര്‍ട്ടിഫിക്കറ്റ്, സ്വാതന്ത്യ്ര സമരസേനാനിയുടെ ഐഡന്റിറ്റി കാര്‍ഡ് എന്നിവയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിരിക്കുന്ന മറ്റ് 16 രേഖകള്‍.

തിരിച്ചറിയല്‍ നിര്‍ബന്ധം

വോട്ട് ചെയ്യാന്‍ വരുന്നവര്‍ ഫോട്ടോ പതിച്ച ഐഡന്റി കാര്‍ഡ് ഇല്ലെങ്കില്‍ മുകളില്‍ പറഞ്ഞിരിക്കുന്ന രേഖകളില്‍ ഏതെങ്കിലുമൊന്ന് നിര്‍ബന്ധമായി കൊണ്ടു വരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. കേരളം, പശ്ചിമബംഗാള്‍, തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് വോട്ടര്‍മാരെ രേഖകള്‍ ഉപയോഗിച്ചുള്ള തിരിച്ചറിയല്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നാമമാത്രമായി നടന്നിട്ടുള്ള ആസാമില്‍ ഇത്തവണ രേഖകള്‍ ഉപയോഗിച്ചുള്ള തിരിച്ചറിയല്‍ നിര്‍ബന്ധമാക്കിയിട്ടില്ല.

വോട്ടര്‍ പട്ടികയില്‍ പേര്, വയസ്, വിലാസം, ലിംഗവ്യത്യാസം തുടങ്ങിയ കാര്യങ്ങളില്‍ വരുന്ന ചെറിയ പിശകുകള്‍ കാര്യമാക്കേണ്ടതില്ല എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ ക്രമനമ്പരില്‍ വരുന്ന പിശകും കാര്യമാക്കേണ്ട.

ഏതെങ്കിലും വോട്ടര്‍ മറ്റൊരു നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ കാര്‍ഡുമായി എത്തിയാല്‍ അയാളുടെ പേര് വോട്ടര്‍പട്ടികയില്‍ ഉണ്ടെങ്കില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കണം. പക്ഷേ, രണ്ടിടത്ത് സമ്മതിദാനം ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം.

വാഹനങ്ങളില്‍ വോട്ടര്‍മാരെ കൊണ്ടുവരുന്നതിന് നിയന്ത്രണം

വോട്ടര്‍മാരെ വാഹനങ്ങളില്‍ കുത്തിനിറച്ച് വോട്ട് ചെയ്യാന്‍ കൊണ്ടുവരുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചു. മോട്ടോര്‍ വാഹന വകുപ്പ് നിഷ്കര്‍ഷിച്ചിരിക്കുന്നതിലുമധികം യാത്രക്കാരെ കയറ്റി വാഹനങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് ഓടിക്കുന്നതും നിരോധിച്ചിട്ടുണ്ട്. നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ ആളുകളെ വാഹനങ്ങളില്‍ കയറ്റി പോളിംഗ് ബൂത്തില്‍ കൊണ്ടുവരുന്നില്ല എന്ന് ഉറപ്പു വരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X