കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണ്വായുധ നിര്‍വ്യാപനത്തിന് ഇന്ത്യ മുന്നില്‍: പ്രധാനമന്ത്രി

  • By Staff
Google Oneindia Malayalam News

ക്വലാലംപൂര്‍(മലേഷ്യ): തെക്കു കിഴക്കേഷ്യാ മേഖലയെ അണ്വായുധ വിമുക്തമാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പ്രസ്താവിച്ചു. ഇന്ത്യയുടെ യും തെക്കു കിഴക്കേഷ്യാ മേഖലയുടെയും സുരക്ഷിതത്വം പരസ്പര ബന്ധിതമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നാലു ദിവസത്തെ മലേഷ്യന്‍ സന്ദര്‍ശനത്തിനോടുവില്‍ മെയ് 16 ബുധനാഴ്ച ക്വലാലംപൂരിലെ ഇന്ത്യന്‍- ഏഷ്യന്‍ റിലേഷന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വാജ്പേയി.

അണ്വായുധ വിമോചിതമെന്ന തെക്കുകിഴക്കേഷ്യയുടെ സ്ഥാനത്തെ ഇന്ത്യ ബഹുമാനിക്കുന്നുവെന്നും ഈ ബഹുമതി നിയമപ്രകാരം തന്നെ നിലനിര്‍ത്താന്‍ ഇന്ത്യ ശ്രമിക്കുമെന്നും വാജ്പേയി പറഞ്ഞു. സ്വതന്ത്യ്രം ലഭിച്ചതു മുതല്‍ ദശകങ്ങളായി അണ്വായുധ നിര്‍വ്യാപനത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

എന്നാല്‍, അണ്വായുധ ശേഷി കൈവശപ്പെടുത്തിയ മറ്റു ലോകരാജ്യങ്ങള്‍ ഏകപക്ഷീയമായ അണ്വായുധ നിര്‍വ്യാപന കരാറിനു വേണ്ടി ശ്രമിക്കുകയായിരുന്നുവെന്ന് പറഞ്ഞു. ഈ കരാര്‍ അണ്വായുധം കൈവശം വയ്ക്കാനുള്ള അവകാശം ചില പ്രത്യേകരാജ്യങ്ങള്‍ക്കു മാത്രമാക്കുകയും ബാക്കിയുള്ള രാജ്യങ്ങളെ എന്നന്നേയ്ക്കുമായി ആണവസാങ്കേതിക വിദ്യ കരസ്ഥമാക്കുന്നതില്‍ നിന്നും തടയുകയും ചെയ്യുന്ന വിവേചന നയമാണ്.

ആണവരാജ്യങ്ങള്‍ അവരുടെ പക്കലുള്ള അണ്വായുധങ്ങള്‍ ഘട്ടം ഘട്ടമായി നശിപ്പിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ആണവ നിര്‍വ്യാപന കരാറിലെ ആറാം വകുപ്പ് പ്രയോഗത്തില്‍ വരുത്താനും ശ്രമിച്ചിട്ടില്ല.

ഇന്ത്യ അണ്വായുധ ശേഷി കൈവരിച്ചിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ചുള്ള ഒരു കരാറും ഇന്ത്യ ലംഘിച്ചിട്ടില്ലെന്ന് വാജ്പേയി ചൂണ്ടിക്കാട്ടി. ഏറ്റവും കുറഞ്ഞ രീതിയില്‍ അണ്വായുധ ശേഷി കൈവരിക്കുകയെന്ന ഇന്ത്യയുടെ തത്ത്വം ലോകരാജ്യങ്ങള്‍ക്കു ബോധ്യപ്പെടുത്താനും ഇന്ത്യയ്ക്കു കഴിഞ്ഞിട്ടുണ്ട്.

ഭൂഗര്‍ഭ അണ്വായുധ പരീക്ഷണങ്ങള്‍ക്ക് ഇന്ത്യ ഏകപക്ഷീയമായി നിര്‍ത്തി വച്ചിരിയ്ക്കുകയാണ്. അണ്വായുധം ആദ്യം പ്രയോഗിക്കില്ലെന്നും അണ്വായുധ ശേഷി കൈവരിച്ചിട്ടില്ലാത്ത രാജ്യങ്ങളുടെ നേരേ അത് പ്രയോഗിക്കില്ലെന്നും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.

മതതീവ്രവാദം, മയക്കുമരുന്ന് കടത്ത്, തീവ്രവാദം തുടങ്ങിയവ തെക്കുകിഴക്കേഷ്യന്‍ രാജ്യങ്ങളെ ഗ്രസിച്ചിട്ടുണ്ടെന്നും , അതിര്‍ത്തിക്കപ്പുറത്തു നിന്നും അയല്‍രാജ്യങ്ങളുടെ സഹായത്തോടെ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവുമധികം ഇരയാകുന്ന ഒരു രാജ്യം ഇന്ത്യയാണെന്നും പ്രധാനമന്ത്രി വാജ്പേയി തെക്കു കിഴക്കേഷ്യന്‍ രാജ്യങ്ങളെ ഓര്‍മ്മിപ്പിച്ചു.

വിശുദ്ധ യുദ്ധമെന്നും മറ്റും പറഞ്ഞുള്ള അത്തരം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ സമാധാനപരമായ ആഗോള സഹവര്‍ത്തിത്വത്തിന് പ്രയാസം സൃഷ്ടിക്കുമെന്നും വാജ് പേയി ചൂണ്ടിക്കാട്ടി.

രണ്ടാം തലമുറ സാമ്പത്തിക പരിഷ്കരണങ്ങള്‍ പ്രഖ്യാപിച്ച് നടപ്പാക്കി വരുന്ന ഇന്ത്യയ്ക്ക് അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിന്റെ കാര്യത്തില്‍ തെക്കു കിഴക്കേഷ്യന്‍ രാജ്യങ്ങളുടെ സഹായവും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X