ഫെര്‍ണാണ്ടസ്-വാജ്പേയി ചര്‍ച്ച പരാജയം
ദില്ലി: മണിപ്പൂര്‍ മന്ത്രിസഭ വീണതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി മുന്‍കയ്യെടുത്ത് സമതാപാര്‍ട്ടി നേതാവ് ജോര്‍ജ്ജ് ഫെര്‍ണാണ്ടസുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. കേന്ദ്രമന്ത്രിസഭയ്ക്കുള്ള പിന്തുണ സമതാപാര്‍ട്ടി പിന്‍വലിച്ചേക്കുമെന്നുള്ള ഭീഷണി തുടരുകയാണ്.
മെയ് 22 ചൊവാഴ്ചയാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ ഫെര്‍ണാണ്ടസുമായി വാജ്പേയി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ ബിജെപി അധ്യക്ഷന്‍ ജന കൃഷ്ണമൂര്‍ത്തിയും ബിജെപി ജനറല്‍ സെക്രട്ടറി പത്മനാഭ് ആചാര്യയും പങ്കെടുത്തിരുന്നു. എന്നാല്‍ ഒരു പരിഹാരത്തിലെത്താന്‍ ഇരുകൂട്ടര്‍ക്കും കഴിഞ്ഞില്ല. വീണ്ടും വാജ്പേയി ജോര്‍ജ്ജ് ഫെര്‍ണാണ്ടസുമായി മെയ് 28ന് കൂടിക്കാഴ്ച നടത്തും.
മണിപ്പൂര്‍ പ്രശ്നത്തെക്കുറിച്ചാണ് ഞങ്ങളെല്ലാം ചര്‍ച്ച നടത്തിയത്. പക്ഷെ പ്രശ്നം പരിഹരിക്കാന്‍ ഇനിയും കൂടിക്കാഴ്ചകള്‍ നടത്തേണ്ടിയിരിക്കുന്നു- ചര്‍ച്ച കഴിഞ്ഞ് പുറത്തുവന്നയുടന്‍ ഫെര്‍ണാണ്ടസ് വാര്‍ത്താലേഖകരോട് പറഞ്ഞു. സമതാപാര്‍ട്ടി എന്‍ഡിഎയില്‍ തുടരുമോ എന്ന ചോദ്യത്തിന് അത് എന്‍ഡിഎയുടെ ഭാഗമാണ് എന്നായിരുന്നു ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ മറുപടി. മണിപ്പൂരിലുള്ള സമതാപാര്‍ട്ടി എംഎല്‍എമാര്‍ മെയ് 28 തിങ്കളാഴ്ച ദില്ലിയിലെത്തുമെന്നും ഫെര്‍ണാണ്ടസ് പറഞ്ഞു.












Click it and Unblock the Notifications