മധ്യേഷ്യയില്‍ മുഖം രക്ഷിക്കാന്‍ യുഎസ് ശ്രമം
ജെറുസലെം: ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പലസ്തീന് അനുകൂലമായ അഭിപ്രായം ഉയര്‍ന്നുവന്നതോടെ മധ്യേഷ്യന്‍ പ്രശ്നത്തില്‍ മുഖം രക്ഷിക്കാന്‍ അമേരിക്കന്‍ ശ്രമം. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ പലസ്തീന്‍- ഇസ്രയേല്‍ പോരാട്ടം രൂക്ഷമായതിനെ തുടര്‍ന്നാണ് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഇസ്രയേലിനെതിരെ വിമര്‍ശനം രൂക്ഷമായിരിക്കുന്നത്.
ഇതോടെ അമേരിക്ക മധ്യേഷ്യന്‍ പ്രശ്നത്തിന് സമാധാനപരമായ ഒരു പരിഹാരം കാണാന്‍ തിരക്കിട്ട് ശ്രമം നടത്തുകയാണ്. ഇതിന്റെ ഭാഗമായി ഇസ്രയേലിലെ യുഎസ് അംബാസഡര്‍ ഇന്‍ഡൈക് മെയ് 22 ചൊവാഴ്ച ഇസ്രയേല്‍ പ്രധാനമന്ത്രി ഷാരോണിനെ സന്ദര്‍ശിച്ചു. മാത്രമല്ല മധ്യേഷ്യന്‍ സമാധാനശ്രമങ്ങള്‍ ത്വരിതപ്പെടുത്താന്‍ പ്രത്യേക പ്രതിനിധിയെ അയക്കുമെന്ന് യുഎസ് സെക്രട്ടറി കോളിന്‍ പവല്‍ മെയ് 22 ചൊവാഴ്ച അറിയിച്ചു.
ഇസ്രയേല്‍- പലസ്തീന്‍ പ്രശ്നപരിഹാരത്തിന്റെ ഭാഗമായി മുന്‍ യുഎസ് സെനറ്റര്‍ ജോര്‍ജ്ജ് മിച്ചലിന്റെ നേതൃത്വത്തില്‍ അമേരിക്ക നിയോഗിച്ച കമ്മിറ്റി കഴിഞ്ഞ ദിവസം അവരുടെ പഠനറിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇരുപക്ഷത്തോടും ഉടനടി വെടിനിര്‍ത്തണമെന്ന് ആഹ്വാനം ചെയ്യുന്ന ഈ റിപ്പോര്‍ട്ടിനോട് ഇസ്രയേലും പലസ്തീനും അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്.
കഴിഞ്ഞ എട്ടുമാസമായി വീണ്ടും രൂക്ഷമായ ഇസ്രയേല്‍-പലസ്തീന്‍ ഏറ്റുമുട്ടലില്‍ 500 പേര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications