കേരളത്തില്‍ ഇടവപ്പാതി എത്തി
തിരുവനന്തപുരം: കേരളത്തില്‍ ഇനി തകര്‍ത്തുപെയ്യുന്ന മഴക്കാലം. ഇടവപ്പാതി എന്നറിയപ്പെടുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ എത്തിയതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഇക്കുറി ഇടവപ്പാതി നേരത്തെയാണ്. ഇടവമാസം തുടങ്ങിയ ആദ്യ ആഴ്ചയില്‍ തന്നെ ഇടവപ്പാതി എത്തിയിരിക്കുകയാണ്. മെയ് 22 ചൊവാഴ്ച രാത്രി കൊച്ചിയ്ക്ക് തെക്ക് ആണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
ഇടവപ്പാതിയുടെ ആദ്യദിനത്തില്‍ കേരളത്തില്‍ മഴ കുറവായിരുന്നു. എന്നാല്‍ കാലവര്‍ഷം എത്താത്ത കാസര്‍കോട്ടാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്- ഒമ്പത് സെന്റി മീറ്റര്‍. ഇത് ഗോവയ്ക്ക് സമീപം അറേബ്യന്‍ കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റിനെ തുടര്‍ന്നാണ്.
ഈ ന്യൂനമര്‍ദം ഏറ്റവുമവസാനം ഗോവയില്‍ നിന്നു 300 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ നിന്ന് വടക്കുകിഴക്കന്‍ ഭാഗത്ത് കൊങ്കണ്‍ തീരത്തേക്ക് നീങ്ങുകയാണെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഈ ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തിലാണ് ഇത്തവണ കാലവര്‍ഷം നേരത്തെ എത്തിയതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. പക്ഷേ ശക്തി കുറവാണെന്ന് മാത്രം. ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നതനുസരിച്ച് കേരളത്തില്‍ ഇടവപ്പാതിയുടെ ശക്തി കൂടുമത്രെ.
10 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെ എത്തുന്നത്. കഴിഞ്ഞ 100 വര്‍ഷങ്ങളില്‍ 49 തവണയും കാലവര്‍ഷം മെയ്ലാണ് എത്തിയത്. ഏറ്റവും നേരത്തെ എത്തിയിട്ടുള്ളത് 1918ലും 1955ലുമാണ്. ആ വര്‍ഷങ്ങളില്‍ മെയ് 11നായിരുന്നു കാലവര്‍ഷം. 1972ലാകട്ടെ ജൂണ്‍ 15നാണ് ഇടവപ്പാതി തുടങ്ങിയത്.
ഇത്തവണ കാലവര്‍ഷത്തിന്റെ ശക്തി എങ്ങനെയായിരിക്കുമെന്ന് രണ്ട് ദിവസത്തിനുള്ളില്‍ അറിയാന്‍ കഴിയുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications