സാമ്പത്തികപ്രതിസന്ധി: ധവളപത്രമിറക്കും
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധിയെ കുറിച്ചുള്ള ധവളപത്രം ഉടന്‍ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.
പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കണ്ട് താന്‍ കേരളത്തിന്റെ കടക്കെണിയെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്ന് മെയ് 25 വെള്ളിയാഴ്ച ദില്ലിയില്‍ നിന്നും തിരിച്ചെത്തിയ ആന്റണി അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ കരകയറാവുന്ന സാഹചര്യമല്ലെന്ന് അവരെ ധരിപ്പിച്ചിട്ടുണ്ട്. ധനമന്ത്രിയില്‍ നിന്നും അനുകൂലമായ മറുപടിയാണ് ലഭിച്ചത്. സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനുള്ള നിവേദനം അടുത്ത മാസം കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും ആന്റണി അറിയിച്ചു.
പാമോയില്‍ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രനയങ്ങളെ എതിര്‍ക്കുന്നുണ്ട്. റേഷന്‍ സംവിധാനം നിലനിര്‍ത്തണമെന്നും സംസ്ഥാനത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ നല്‍കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെങ്ങുകൃഷിയുടെ വികസനത്തിനായി ടെക്നോളജി മിഷന്‍ രൂപവല്‍ക്കരിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തും.
കേന്ദ്രസര്‍ക്കാരുമായി സ്ഥിരമായ ഏറ്റുമുട്ടലിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് ഹാനികരമായ നയങ്ങളെ എതിര്‍ക്കും. സര്‍വകക്ഷിയോഗങ്ങളിലും പ്രതിനിധി സംഘങ്ങളിലും ബിജെപിയെ ഉള്‍പ്പെടുത്തുന്നതിനെ പ്രതിപക്ഷം വിമര്‍ശിച്ചത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ലെങ്കിലും യാഥാര്‍ത്ഥ്യങ്ങള്‍ കണക്കിലെടുത്ത് എല്ലാവരെയും ഉള്‍പ്പെടുത്തുമെന്ന് ആന്റണി വ്യക്തമാക്കി.












Click it and Unblock the Notifications