സമ്പൂര്‍ണ്ണ മന്ത്രിസഭായോഗം മെയ് 30 ന്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ചര്‍ച്ച ചെയ്യാന്‍ മാത്രമായി മന്ത്രിസഭയുടെ സമ്പൂര്‍ണ്ണയോഗം 30-നു നടത്തും. ജൂണ്‍ അഞ്ചിന് നിയമസഭ ചേരാനും തീരുമാനമായി.
രണ്ടാംഘട്ട സത്യപ്രതിജ്ഞയ്ക്കു ശേഷം ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 30-ന് രണ്ടു തവണയായാണ് മന്ത്രിസഭ ചേരുകയെന്ന് യോഗത്തിനുശേഷം മുഖ്യമന്ത്രി എ.കെ. ആന്റണി പത്രലേഖകരോട് പറഞ്ഞു. രാവിലെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യും. ധവളപത്രമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ഉച്ചയ്ക്കു ശേഷം മറ്റു കാര്യങ്ങളായിരിക്കും ചര്‍ച്ചയ്ക്ക് വിഷയമാകുക എന്ന് ആന്റണി പറഞ്ഞു.
ജൂണ്‍ അഞ്ചിന് നിയമസഭ ചേരും
എംഎല്‍എമാരുടെ സത്യപ്രതിജ്ഞയോടെയാണ് അഞ്ചിനു നിയമസഭ ആരംഭിക്കുക. രണ്ടു ദിവസം മാത്രമെ സമ്മേളനം നീണ്ടുനില്ക്കുകയുള്ളു. ആറാം തീയതി സ്പീക്കര്‍, ഡെ.സ്പീക്കര്‍ എന്നിവരെ തിരഞ്ഞെടുക്കും. സീനിയര്‍ അംഗമെന്ന നിലയില്‍ പി. നാരായണക്കുറുപ്പിനെ പ്രോട്ടം സ്പീക്കറായി മന്ത്രിസഭ നിശ്ചയിച്ചു. അദ്ദേഹമായിരിക്കും അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക.
വകുപ്പുകള്‍ സംബന്ധിച്ച് ഇപ്പോള്‍ പ്രചരിക്കുന്നതൊക്കെ ഊഹാപോഹങ്ങളാണെന്നാണ് ആന്റണി പറഞ്ഞത്. തീരുമാനം ആയാല്‍ ഉടന്‍ അറിയിക്കുമെന്നാണ് അദ്ദേഹം പത്രലേഖകരെ അറിയിച്ചത്.












Click it and Unblock the Notifications