ഒത്തൊരുമിപ്പ് തുടരണം: മുരളീധരന്‍
തിരുവനന്തപുരം: തിരഞ്ഞെടുപ്പുകാലത്തെ ഒത്തൊരുമിപ്പ് കോണ്‍ഗ്രസില്‍ എല്ലാകാലത്തും ഉണ്ടാകേണ്ടതാണെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍.
ഭരണത്തിലിരിക്കുമ്പോള്‍ പാര്‍ട്ടിയെ നയിക്കുക ഏറെ പ്രയാസകരമാണ്. എങ്ങനെയൊക്കെ ഭരിച്ചാലും സമരപരാക്രമങ്ങള്‍ നടത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന സിപിഎമ്മിനെ ഒരു വശത്ത് നേരിടേണ്ടി വരുമ്പോള്‍ മറുവശത്ത് യുഡിഎഫിനെ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റിയ ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റുകയും വേണമെന്ന് മുരളീധരന്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിപ്പാര്‍ക്കില്‍ സംഘടിപ്പിച്ച സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
അടുത്ത അഞ്ച് വര്‍ഷം കൂടി കഴിയുന്നതോടെ സിപിഎം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും ശേഷിയില്ലാത്ത പാര്‍ട്ടിയായി മാറും. ഓരോ തവണയും മാറിമാറി മുന്നണികളെ അധികാരത്തിലേറ്റുന്ന പതിവ് ഇതോടെ മാറാന്‍ പോവുകയാണ്. യുഡിഎഫ് തന്നെ തുടര്‍ന്നാല്‍ മതി എന്ന് ജനങ്ങള്‍ ചിന്തിക്കുന്ന അവസ്ഥയുണ്ടാവും. അത് മുന്നില്‍ കണ്ടുകൊണ്ട് ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് കോണ്‍ഗ്രസിന് ഒറ്റക്കെട്ടായി തന്ന മുന്നേറുമെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.
ആറുമാസം വരെ ജനങ്ങള്‍ യുഡിഎഫ് സര്‍ക്കാരിനെ നിശബ്ദതയോടെ നിരീക്ഷിക്കും. അത് കഴിഞ്ഞിട്ടും നേരെയായില്ലെങ്കില്‍ അവര്‍ നമുക്ക് നേരെ തിരിയുന്ന അവസ്ഥയുണ്ടാകുമെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.
പുതിയ കേരളം കെട്ടിപ്പടുക്കാനായിരിക്കും ഐക്യമുന്നണി സര്‍ക്കാര്‍ ശ്രമിക്കുകയെന്ന് സ്വീകരണയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി കെ.ശങ്കരനാരായണന്‍ പറഞ്ഞു.












Click it and Unblock the Notifications