എമിഗ്രേഷന്‍ ഓഫീസില്‍ അഴിമതി
തിരുവനന്തപുരം: തിരുവനന്തപുരം എമിഗ്രേഷന്‍ ഓഫീസില്‍ വന്‍ അഴിമതി മുൂലം വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് വന്‍ കഷ്ടപ്പാട് നേരിടുന്നതായി കേരള അസോസിയേഷന്‍ ഓഫ് ട്രാവല്‍ ഏജന്റ്സും റിക്രൂട്ടിംഗ് ഏജന്റ്സ് അസോസിയേഷനും ആരോപിച്ചു.
എമിഗ്രേഷന്‍ ഓഫീസില്‍ ഓരോ ക്ലിയറന്‍സിനും 300 രൂപ മുതല്‍ 2500 രൂപ വരെ കൈക്കൂലിയാണ് ആവശ്യപ്പെടുന്നതെന്ന് മെയ് 31 വ്യാഴാഴ്ച അവര്‍ ആരോപിച്ചു. കുവൈറ്റിലേക്കും ഒമാനിലേക്കും വീട്ടുജോലിക്കാരെ അയക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും രേഖകളില്‍ കൃത്രിമം കാട്ടി ഇവടങ്ങളിലേക്ക് ആളുകളെ അയക്കാന്‍ എമിഗ്രേഷന്‍ ഓഫീസ് കൂട്ടുനില്‍ക്കുന്നതായും അവര്‍ പറഞ്ഞു.
എമിഗ്രേഷന്‍ ഓഫീസില്‍ നടക്കുന്ന പിടിച്ചുപറി തടയാന്‍ എമിഗ്രേഷന്‍ ഓഫീസറെ മാറ്റുന്നതിന് മുഖ്യമന്ത്രി എ. കെ. ആന്റണിയും പ്രവാസി കേരളീയക്ഷേമകാര്യ മന്ത്രി എം. എം. ഹസനും അടിയന്തിരമായി ഇടപെടണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ഒരു കേന്ദ്രമന്ത്രിയുടെ പേഴ്സണല്‍ സ്റാഫില്‍ പ്രവര്‍ത്തിച്ചതിന്റെ രാഷ്ട്രീയ പിടിപാട് വച്ചാണ് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ അഴിമതി നടത്തുന്നതെന്നും ഒരു ലക്ഷം രൂപ വരെ ഇയാള്‍ പ്രതിദിനം കൈക്കൂലിയായി നേടുന്നുണ്ടെന്നുമാണ് ആരോപണം.
കൈക്കൂലി കൊടുക്കാന്‍ വിസമ്മതിക്കുന്ന യാത്രക്കാര്‍ക്കും ഏജന്റുമാര്‍ക്കും സാങ്കേതിക കാരണം പറഞ്ഞ് ക്ലിയറന്‍സ് നിഷേധിക്കുകയാണ് പതിവ്. കൂടാതെ മറ്റ് സ്ഥലങ്ങളില്‍ ക്ലിയറന്‍സ് നേടാതിരിക്കാന്‍ പാസ്പോര്‍ട്ടില്‍ റിമാര്‍ക്ക് രേഖപ്പെടുത്തി വിടുന്നത് ഒട്ടേറെ പേരുടെ ഭാവി തകര്‍ക്കുന്നു.
എമിഗ്രേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കുന്ന ഓരോ ക്ലിയറന്‍സിനും പ്രത്യേകം പ്രത്യേകം തുക കൈക്കൂലിയായി നിശ്ചയിച്ചിട്ടുണ്ട്. അത് പിരിച്ചെടുക്കാന്‍ പ്രത്യേക ഏജന്റുമാരുമുണ്ട്. കൈക്കൂലിയുടെ വീതം ദില്ലിയില്‍ വരെ എത്തുന്നുണ്ടെന്നും ഭാരവാഹികള്‍ ആരോപിച്ചു.












Click it and Unblock the Notifications