സ്പീക്കര്‍ വീട് മാറിയേക്കും
തിരുവനന്തപുരം: ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നത് വിവാദമായതിനെ തുടര്‍ന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ സ്പീക്കേഴ്സ് ബംഗ്ലാവില്‍ നിന്നും മാറാനൊരുങ്ങുന്നു.
ചെലവ് പരമാവധി കുറയ്ക്കണമെന്ന മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ നിര്‍ദേശം അവഗണിച്ചുകൊണ്ട് 10 ലക്ഷം രൂപയാണ് സ്പീക്കേഴ്സ് ബംഗ്ലാവ് മോടിപിടിപ്പിക്കാനായി സ്പീക്കര്‍ ചെലവാക്കിയത്. തിരുവനന്തപുരത്ത് വികാസ്ഭവന് പിന്നിലുള്ള ഈ ബംഗ്ലാവ് മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍ സ്ഥാനമൊഴിയുന്നതിന് മൂന്ന് മാസം മുമ്പാണ് ലക്ഷങ്ങള്‍ ചെലവാക്കി മോടിപിടിപ്പിച്ചത്. ഇതിന്റെ കുടിശ്ശിക കോണ്‍ട്രാക്ടര്‍മാര്‍ക്ക് കൊടുത്തുതീര്‍ത്തിട്ടുമില്ല.
ചെലവു ചുരുക്കന്നതിന്റെ ഭാഗമായി മന്ത്രി ഹസ്സനും മറ്റും സ്വന്തം വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്. എന്നാല്‍ തിരുവനന്തപുരം നഗരത്തിന്റെ അടുത്തുതന്നെയുള്ള കുമാരപുരത്ത് സ്വന്തം വസതിയുള്ള വക്കം ബംഗ്ലാവില്‍ താമസിക്കുകയും അത് മോടിപിടിപ്പിക്കാന്‍ ലക്ഷങ്ങള്‍ ചെലവാക്കുകയും ചെയ്ത നടപടി കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കിടയില്‍ അമര്‍ഷത്തിന് കാരണമാക്കിയിട്ടുണ്ട്. ഇത് ഒളിഞ്ഞും തെളിഞ്ഞും പലരും കുറ്റപ്പെടുത്തിയതിനെ തുടര്‍ന്നാണത്രെ സ്പീക്കര്‍ ബംഗ്ലാവ് ഒഴിയാന്‍ തുനിയുന്നതെന്ന് പറയപ്പെടുന്നു.
ബംഗ്ലാവിലേക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതില്‍ വക്കം കാണിച്ച ധാരാളിത്തവും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഒന്നിലധികം ടിവി വേണമെന്ന് വക്കം വാശിപിടിച്ചത്രെ.












Click it and Unblock the Notifications