ഗുരുവായൂര്‍ ശീവേലിപ്പുര പുനര്‍നിര്‍മാണം തുടങ്ങി
കോഴിക്കോട്: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ശീവേലിപ്പുരയുടെ പുനര്‍നിര്‍മാണത്തിനായി നാല് കരിങ്കല്‍ത്തൂണുകള്‍ ജൂണ്‍ 21 ശനിയാഴ്ച കര്‍ണാടകയിലെ കര്‍ക്കാളയില്‍ നിന്ന് കൊണ്ടുപോകും.
കരിങ്കല്‍ത്തൂണുകളുമായുള്ള ഘോഷയാത്ര ജൂലായ് 25ന് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുമെന്ന് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എം. വേണുഗോപാലക്കുറുപ്പ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുന്‍ കര്‍ണാടക മുഖ്യമന്ത്രി വീരപ്പമൊയ്ലിയില്‍ നിന്നും വേണുഗോപാലക്കുറുപ്പിന്റെ നേതൃത്വത്തില്‍ കല്‍ത്തൂണുകള്‍ ഏറ്റുവാങ്ങും. ഒറ്റക്കല്ലില്‍ തീര്‍ത്ത കൊത്തുപ്പണികളോടു കൂടിയവയാണ് കല്‍ത്തൂണുകള്‍. ആറ് ലക്ഷം രൂപയാണ് കരിങ്കല്‍ത്തൂണുകളുടെ നിര്‍മാണത്തിനായി ചെലവായത്.
രണ്ട് നൂറ്റാണ്ട് പഴക്കമുള്ള ശീവേലിപുരയുടെ പുനര്‍നിര്‍മാണം നടത്തുന്നത് റിലയന്‍സ് ഗ്രൂപ്പാണ്. ഒന്നര കോടിയാണ് പുനര്‍നിര്‍മാണത്തിന് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. പുനര്‍നിര്‍മാണപ്രവര്‍ത്തങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും മരപ്പണികള്‍ ഏതാണ്ട് പൂര്‍ത്തിയായെന്നും വേണുഗോപാലക്കുറുപ്പ് പറഞ്ഞു.
ചിങ്ങമാസത്തില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തീര്‍ത്ത് ശീലേലിപ്പുര ശുദ്ധീകരണത്തിനായി തയ്യാറാവും. സ്വര്‍ണക്കൊടി മരം സ്ഥാപിച്ചതിന്റെ 50-ാം വാര്‍ഷികാഘോഷത്തോടൊപ്പമാവും ശീവേലിപ്പുരയുടെ ശുദ്ധീകരണവും നടത്തുന്നതെന്ന് കുറുപ്പ് അറിയിച്ചു.












Click it and Unblock the Notifications