ഖാതമി ചൊവാഴ്ച സ്ഥാനമേല്‍ക്കും
ടെഹ്റാന്‍: ഇറാന്‍ പ്രസിഡണ്ടായി മൊഹമ്മദ് ഖാതമി ആഗസ്ത് ഏഴ് ചൊവാഴ്ച സ്ഥാനമേല്‍ക്കും. നേരത്തെ ആഗസ്ത് അഞ്ച് ഞായറാഴ്ച സ്ഥാനമേല്‍ക്കാനുദ്ദേശിച്ചിരുന്നെങ്കിലും ആത്മീയ നേതാവ് ആയത്തൊള്ള അലി ഖോമേനിയുടെ അഭ്യര്‍ത്ഥന മാനിച്ച് സ്ഥാനാരോഹണം മാറ്റിവക്കുകയായിരുന്നു.
രക്ഷാധികാര കൗണ്‍സിലിലെ എല്ലാ അംഗങ്ങള്‍ക്കും ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് സ്ഥാനാരോഹണം ചൊവാഴ്ചത്തേക്ക് മാറ്റിയതെന്ന് പാര്‍ലമെന്ററി സ്പീക്കര്‍ മെഹ്ദി കരൂബി അറിയിച്ചു.
രക്ഷാധികാര കൗണ്‍സിലില്‍ ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതു സംബന്ധിച്ച് യാഥാസ്ഥിതിക വാദികളും പുരോഗമനവാദികളും തമ്മില്‍ പാര്‍ലമെന്റില്‍ തര്‍ക്കമുണ്ടായതാണ് ആത്യന്തികമായി പ്രസിഡണ്ടിന്റെ സ്ഥാനരോഹണം മാറ്റിവക്കാന്‍ കാരണമായത്. 12 അംഗങ്ങളുള്ള രക്ഷാധികാര കൗണ്‍സിലിലെ ആറംഗങ്ങളെ ഖോമേനി തന്നെയാണ് നിര്‍ദ്ദേശം ചെയ്യുക. ബാക്കി ആറു പേരെ നിയമപീഠത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് പാര്‍ലമെന്റ് നിശ്ചയിക്കണം. എന്നാല്‍ ഇത്തവണ നിയമപീഠം നിര്‍ദ്ദേശിച്ചവരെ രണ്ട് തവണ പാര്‍ലമെന്റ് തള്ളിക്കളയുകയായിരുന്നു.
തുടര്‍ന്ന് ഭരണഘടനാപ്രതിസന്ധിയുണ്ടാകാതിരിക്കാനാണ് സ്ഥാനാരോഹണം മാറ്റിയത്. ജൂണ്‍ എട്ടിന് നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ പുരോഗമനവാദിയായ ഖാതമി വന്‍വിജയം നേടിയിരുന്നു.