വാജ്പേയിക്ക് വധഭീഷണി
ദില്ലി: സ്വാതന്ത്യ്രദിനത്തില്‍ പ്രധാനമന്ത്രി വാജ്പേയിയ്ക്കും ആഭ്യന്തരമന്ത്രി അദ്വാനിക്കുമെതിരെ വധശ്രമമുണ്ടാകാമെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ദില്ലിയില്‍ പലയിടത്തും കൂട്ടക്കൊലകള്‍ സംഘടിപ്പിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച വനിതാ ആത്മഹത്യാസ്ക്വാഡുകള്‍ ഇറങ്ങിയിട്ടുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ തുടര്‍ന്ന് ദില്ലിയില്‍ ചെങ്കോട്ടയിലും പ്രധാന പ്രദേശങ്ങളിലും സുരക്ഷാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തി.
അഫ്ഗാനിലെ ഇസ്ലാമിക തീവ്രവാദി ഒസാമ ബിന്‍ ലാദനുമായി ബന്ധമുള്ള ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്കര്‍ എ ത്വയിബ, ഹുറിയത്ത് തുടങ്ങി നിരവധി മുസ്ലിം തീവ്രവാദി സംഘടനകള്‍ ദില്ലിയില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ തീവ്രവാദികളെ അയച്ചതായും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
ഇതിനിടെ തെക്കന്‍ ദില്ലിയില്‍ ആഗസ്ത് 12 ഞായറാഴ്ച ഉണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തെക്കന്‍ ദില്ലിയില്‍ സമ്പന്നര്‍ താമസിക്കുന്ന സൗത്ത് എക്സ്റ്റന്‍ഷന്‍ മാര്‍ക്കറ്റില്‍ സ്ഫോടനം നടന്നത് അക്ഷരാര്‍ത്ഥത്തില്‍ സുരക്ഷാ അധികൃതരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്.
റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ഓട്ടോറിക്ഷയില്‍ നിന്ന് വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെന്നും തുടര്‍ന്ന് പുകയുയരുന്നത് കണ്ടെന്നും ദൃക്സാക്ഷികള്‍ പറയുന്നു. സ്ഫോടനത്തിന്റെ ശക്തിയില്‍ ഒരു കാറിന്റെ ചില്ലുകളും ഒരു സ്കൂട്ടറും ചിതറിത്തെറിച്ചെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
റോഡില്‍ തിരക്കില്ലാതിരുന്നതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. അപകടത്തിന്റെ യഥാര്‍ത്ഥകാരണം എന്തെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ നിന്നേ അറിയാന്‍ കഴിയൂ. പൊതുജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഭീതി പരത്താനാണ് ഈ സ്ഫോടനമെന്ന് തെക്കന്‍ ദില്ലിയിലെ അഡീഷണല്‍ ഡിസിപി പ്രവീണ്‍ രഞ്ജന്‍ പറഞ്ഞു.












Click it and Unblock the Notifications