എംഎല്‍എയല്ലെങ്കില്‍ 6 മാസം മാത്രം മന്ത്രിയാകാം
ദില്ലി: എംഎല്‍എ അല്ലാത്തവര്‍ ആറുമാസത്തിലധികം മന്ത്രിയായി തുടരാന്‍ പാടില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ആറുമാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പില്‍ നിന്നു വിജയിച്ചില്ലെങ്കില്‍ ഇവര്‍ക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്നും സുപ്രീംകോടതി വിധിയില്‍ പറയുന്നു.
കൊല്ലപ്പെട്ട പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിംഹിന്റെ മകന്‍ തേജ് പ്രകാശ് സിംഹിനെ വീണ്ടും മന്ത്രിയാകുന്നതു തടഞ്ഞുകൊണ്ടുള്ള വിധിയിലാണ് ആഗസ്ത് 17 വെള്ളിയാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. തേജ് പ്രകാശ് സിംഹ് ആറുമാസക്കാലം എംഎല്‍എ അല്ലാതിരുന്നിട്ടും മന്ത്രിയായി ചുമതലയേറ്റിരുന്നു. എന്നാല്‍ വീണ്ടും മന്ത്രിയായി തുടരാനുള്ള തേജ് പ്രകാശ്സിംഹിന്റെ നീക്കമാണ് സുപ്രീംകോടതി ചീഫ് ജസ്റിസ് എ.എസ്. ആനന്ദിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് തടഞ്ഞത്.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മന്ത്രിയായി ചുമതലയേല്ക്കുന്നവര്‍ക്ക് ആറുമാസത്തിലധികം തുടരാന്‍ അര്‍ഹതയില്ലെന്ന് ചീഫ്ജസ്റിസ് വിധിയില്‍ വ്യക്തമായി പറയുന്നു.
ഈ വിധി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഭാവിയെ നിര്‍ണ്ണായകമായി ബാധിക്കുമെന്ന് നിയമവിദഗ്ധര്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെയാണ് ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ജയലളിത ആറുമാസത്തിനകം ജനവിധി തേടേണ്ടിവരുമെന്ന് വ്യക്തമായിരിക്കുകയാണ്.












Click it and Unblock the Notifications