അത്ഭുത മോതിരത്തിന്റെ പേരില്‍ തട്ടിപ്പ്
തിരുവനന്തപുരം: കാശുണ്ടാക്കാനും ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാനും ശത്രുവിനെ വകവരുത്താനും നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം, ഈ അത്ഭുത മോതിരം വിരലിലണിയുക.
കേരളത്തിലെ ദിനപത്രങ്ങളില്‍ പതിവായി കാണുന്ന പരസ്യമാണിത്. ബിഹാറിലെ ഗയയില്‍ നിന്നും മോതിരം സൗജന്യമായി നിങ്ങള്‍ക്ക് അയച്ചു തരും. അത്ഭുത മോതിരത്തിന്റെ പേരിലുള്ള തട്ടിപ്പ് വ്യാപകമാവുകയാണ്. കേരളത്തിലെ പത്രങ്ങളുടെ എല്ലാ എഡിഷനുകളിലും മോതിരത്തിന്റെ പരസ്യം പ്രത്യക്ഷപ്പെടുന്നു.
സൗജന്യമാണെന്ന് കരുതി വിലാസം അയച്ചുകൊടുക്കുമ്പോഴാണ് നിങ്ങള്‍ ശരിക്കും കുടുങ്ങുന്നത്. മോതിരം സൗജന്യമാണെങ്കിലും ഇതിന് മന്ത്രസിദ്ധിയുണ്ടാകുവാന്‍ ചില പ്രത്യേക പൂജകള്‍ ചെയ്യണമെന്നും അതിനായി കുറച്ചു രൂപ അയക്കണമെന്നും മറുപടിയില്‍ മോതിര മന്ത്രവാദികള്‍ ആവശ്യപ്പെടും.
സാധാരണ 250 രൂപ മുതല്‍ 500 രൂപ വരെയാണ് പൂജയ്ക്കായി ആവശ്യപ്പെടുക. മോതിരത്തില്‍ താല്‍പര്യം തോന്നിക്കഴിഞ്ഞ ചിലര്‍ തുക അയച്ചുകൊടുക്കുകയും ചെയ്യും. ചിലര്‍ക്ക് മോതിരം കിട്ടുന്നുണ്ട്, ചിലര്‍ക്ക് അതുപോലുമില്ല.
മലയാളത്തില്‍ എഴുതുന്ന കത്തുകള്‍ക്ക് മലയാളത്തില്‍ തന്നെ ഗയയില്‍ നിന്നും മറുപടി ലഭിക്കുന്നു. ഈ തട്ടിപ്പിന് പിന്നില്‍ മലയാളികളും പ്രവര്‍ത്തിക്കുന്നു എന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. പരസ്യ ഏജന്‍സികള്‍ വഴിയാണ് പത്രങ്ങള്‍ക്ക് മോതിരത്തിന്റെ പരസ്യം ലഭിക്കുന്നത്. ജൂലായ് 11ലെ മാതൃഭൂമി ദിനപത്രത്തില്‍ അടുത്തടുത്ത് നാല് പരസ്യങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. നാലിന്റെയും വിലാസം വ്യത്യസ്തമായിരുന്നെങ്കിലും ഉള്ളടക്കം ഒന്നു തന്നെയായിരുന്നു.












Click it and Unblock the Notifications