കേന്ദ്രം വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുന്നില്ല
ആലുവ: കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി സുഷമാ സ്വരാജ്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ആലുവയില്‍ എത്തിയ മന്ത്രി സപ്തംബര്‍ അഞ്ച് ബുധനാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
ഈ ആരോപണത്തെ സാധൂകരിക്കാന്‍ തെളിവുകള്‍ ഹാജരാക്കാന്‍ പറ്റുമോ? വേദഗണിതവും ജ്യോതിഷവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് കാവിവല്‍ക്കരണമായി കാണാന്‍ സാധിക്കില്ല. സിപിഎം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളില്‍പ്പോലും ഈ വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രത്തിന് താല്പര്യമില്ലെന്ന ഹുറിയത്ത് നേതാക്കളുടെ ആരോപണവും മന്ത്രി നിഷേധിച്ചു. പ്രശ്നം ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാന്‍ കഴിയൂ എന്ന കാര്യത്തില്‍ സര്‍ക്കാരിന് ഏകാഭിപ്രായമാണ്. അതേസമയം പാകിസ്ഥാന്‍ കശ്മീര്‍ പ്രശ്നത്തെ അന്താരാഷ്ട്രവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്. ഇത് ആഗ്ര ഉച്ചകോടിയിലെ ധാരണകള്‍ക്ക് തന്നെ എതിരാണ് - മന്ത്രി ചൂണ്ടിക്കാട്ടി.
പ്രസാര്‍ ഭാരതി ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നതില്‍ സര്‍ക്കാരിന് കാര്യമായൊന്നും ചെയ്യാനില്ല. ഉപരാഷ്ട്രപതി അധ്യക്ഷനായ സമിതിയാണ് ഇക്കാര്യം നോക്കുന്നത്.












Click it and Unblock the Notifications