കേന്ദ്രം സഹായം അനുവദിക്കാത്തത് ധിക്കാരം
തിരുവനന്തപുരം: പ്രകൃതിക്ഷോഭത്തില്‍ നട്ടം തിരിയുന്ന സംസ്ഥാനത്തിന് സഹായം നല്‍കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ധിക്കാരപരമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍.
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനോട് വിധേയത്വം പുലര്‍ത്തുന്ന മുഖ്യമന്ത്രി ആന്റണിയുടെ പിടിപ്പുകേടാണ് ഇത് കാണിക്കുന്നതെന്ന് സപ്തംബര്‍ എട്ട് ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വിഎസ് കുറ്റപ്പെടുത്തി. സംസ്ഥാനത്തിന് അര്‍ഹമായത് നേടിയെടുക്കാന്‍ പോലും കഴിയാതെ എന്താണ് കേന്ദ്രവുമായി ഏറ്റുമുട്ടലില്ലാതെ പോകുമെന്ന് പറയുന്നതെന്ന് ആന്റണി വ്യക്തമാക്കണമെന്ന് വിഎസ് പറഞ്ഞു.
കാവിവല്‍ക്കരണത്തിലൂടെ മതേതരത്വം തകര്‍ത്ത് ഹിന്ദുത്വം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ബിജെപി സര്‍ക്കാരിന്റെ വിദ്യാഭ്യാസ അജണ്ടയെ ആന്റണി അനുകൂലിക്കുകയാണെന്ന് വിഎസ് കുറ്റപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ധാരണയുണ്ടാക്കിയതിനാലാണ് കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ മുഖ്യമന്ത്രിമാര്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ആന്റണി പങ്കെടുക്കാതിരുന്നതെന്ന് വിഎസ് ആരോപിച്ചു.
കേന്ദ്ര സമിതി തീരുമാനമനുസരിച്ചാണ് രവീന്ദ്രനാഥിനെ സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്തത്. ഇക്കാര്യത്തില്‍ താന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വിഎസ് വ്യക്തമാക്കി. മൂന്ന് വര്‍ഷം സമിതിയില്‍ നിന്നും പുറത്ത് നിര്‍ത്തിയത് തന്നെ അച്ചടക്കനടപടിയുടെ ഭാഗമാണെന്നും വിഎസ് വ്യക്തമാക്കി.












Click it and Unblock the Notifications