ആര്‍സിസി: മരുന്ന് പരീക്ഷണം നിരോധിച്ചു
ദില്ലി: ആര്‍സിസിയിലെ വിവാദ മരുന്ന് പരീക്ഷണം ആറ് മാസത്തേക്ക് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
ഇത്തരത്തിലുള്ള മരുന്ന് പരീക്ഷണം നടത്തുമ്പോള്‍ പാലിച്ചിരിക്കേണ്ട വ്യവസ്ഥകള്‍ പാലിക്കാത്തതിനെ കുറിച്ച് വിശദീകരണം നല്‍കാനും കാരണം കാണിക്കല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സപ്തംബര്‍ 15 ശനിയാഴ്ചയാണ് ആര്‍സിസിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.
വിദേശസര്‍വകലാശാലയായ ജോണ്‍ ഹോപ്കിന്‍സുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ക്യാന്‍സര്‍ രോഗികളില്‍ എം4എന്‍ എന്ന മരുന്ന് പരീക്ഷിക്കുന്നതാണ് സര്‍ക്കാര്‍ നിരോധിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്രസമിതി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മരുന്ന് പരീക്ഷണത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയില്‍ നിന്നും ലഭിച്ചിരിക്കേണ്ട അനുമതി ആര്‍സിസി നേടിയിരുന്നില്ലയെന്ന് അന്വേഷണം നടത്തിയ സമിതി ചൂണ്ടിക്കാട്ടി. വിദേശ ഏജന്‍സിയുമായുള്ള ഇത്തരം ഇടപാടുകള്‍ നടത്തുന്നതിനായി ആരോഗ്യവകുപ്പിന്റെ പരിശോധനാസമിതിയുടെ അനുമതിയും ആര്‍സിസിക്ക് ലഭിച്ചിരുന്നില്ല.
അതേ സമയം ഇതില്‍ മനുഷ്യാവകാശലംഘനം നടന്നിട്ടില്ലെന്നും നിരോധിക്കപ്പെട്ട മരുന്ന് ഉപയോഗിക്കപ്പെട്ട സംഭവം ഉണ്ടായിട്ടില്ലെന്നും സമിതി വ്യക്തമാക്കി.
ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദേശിക്കുന്ന മാര്‍ഗരേഖകളുടെ അടിസ്ഥനത്തില്‍ ആര്‍സിസിയിലെ എത്തിക്കല്‍ കമ്മിറ്റി പുന:സംഘടിപ്പിക്കാനും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.