കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2644 സ്ക്കൂളുകള്‍ അടയ്കാന്‍ നിര്‍ദേശം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 2644 സര്‍ക്കാര്‍ സ്ക്കൂളുകള്‍ അടയ്കാന്‍ ആസൂത്രണ ബോര്‍ഡ് നിര്‍ദേശം.

ഇതില്‍ സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യത വരുത്തിയിട്ടുള്ള 106 സ്ക്കൂളുകള്‍ ഉടന്‍ അടച്ചുപൂട്ടണമെന്ന് സപ്തംബര്‍ 15 ശനിയാഴ്ച ചേര്‍ന്ന ബോര്‍ഡിന്റെ വാര്‍ഷിക പദ്ധതി സംബന്ധിച്ച യോഗത്തില്‍ ശുപാര്‍ശയുണ്ടായി. യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ബോര്‍ഡ് ഉപാധ്യക്ഷന്‍ വി. രാമചന്ദ്രന്‍ അറിയിച്ചതാണ് ഇക്കാര്യം.

ഭരണച്ചെലവുകള്‍ നിയന്ത്രിച്ചും ക്രമക്കേടുകള്‍ കുറച്ചും വാര്‍ഷിക പദ്ധതി മുഴുവന്‍ നടപ്പാക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തിന്റെ നിര്‍ദേശം. സംസ്ഥാനത്തിനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ അധികവിഭവസമാഹരണവും ചെലവുകള്‍ വെട്ടിക്കുറയ്ക്കലും നടപ്പാക്കുക എന്ന ദ്വിമുഖ തന്ത്രമാണ് ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്നത്.

അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി 19 വകുപ്പുകളിലെ 1075 ജീവനക്കാരെ പുനര്‍വിന്യാസം ചെയ്യണം. പുതിയ തസ്തികകള്‍ നികത്തുന്നത് ഈ പുനര്‍വിന്യാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. നിയമനനിരോധനമല്ലാതെ പുനര്‍വിന്യാസമാണ് അധിക ജീവനക്കാരെ കുറയ്ക്കുന്നതിനുള്ള മാര്‍ഗമെന്ന് ബോര്‍ഡ് വ്യക്തമാക്കി.

ഇടുക്കി, തൃശൂര്‍, കൊല്ലം വികസന അതോറിറ്റികളും ഗ്രാമവികസന ബോര്‍ഡും പിരിച്ചുവിടാനും ബോര്‍ഡ് ശുപാര്‍ശ ചെയ്തു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ഇന്ധനച്ചെലവിന് നിയന്ത്രണമേര്‍പ്പെടുത്തണം. സര്‍ക്കാര്‍ വാഹനങ്ങള്‍ ജീവനക്കാര്‍ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കുന്നത് തടയണമെന്നും ബോര്‍ഡ് ശുപാര്‍ശ ചെയ്തു.

സര്‍ക്കാര്‍ വകുപ്പുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകളിന്മേല്‍ രണ്ട് മാസത്തിനകം തീര്‍പ്പുണ്ടാക്കണം. ജനകീയാസൂത്രണ പദ്ധതിയില്‍ ആട്, കോഴി വിതരണം ചെയ്യുന്നത് നിര്‍ത്തലാക്കി പകരം റോഡ്, പാലങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിന് ഊന്നല്‍ കൊടുക്കണം.

കൈത്തറി മേഖലയുടെ പ്രശ്നങ്ങളെ കുറിച്ച് ബ്യൂറോ ഓഫ് എക്കണോമിക്സ് ആന്‍ഡ് സ്റാന്‍ഡേഡിനെ കൊണ്ട് പഠനം നടത്തിക്കണം. പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ മേഖലയില്‍ പരിഷ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ബോര്‍ഡ് നിര്‍ദേശിച്ചു. ഈ വര്‍ഷത്തെ പദ്ധതിവിഹിതം വകമാറ്റി ചെലവഴിച്ചാല്‍ അത് ലോകബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക് എന്നിവയില്‍ നിന്നുള്ള ധനസഹായത്തെ ബാധിക്കുമെന്നും ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി.

അമേരിക്കയിലുണ്ടായ സംഭവവികാസങ്ങള്‍ കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്നും യോഗം വിലയിരുത്തി. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ കെ. ശങ്കരനാരായണന്‍, കെ. ആര്‍. ഗൗരിയമ്മ, കെ. എം. മാണി തുടങ്ങിയവരും പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X