ബാങ്ക്കൊള്ളയ്ക്ക് ശ്രമിച്ച യുവാവിനെ പിടിച്ചു
തൃശൂര്‍: തോക്കുചൂണ്ടി ബാങ്ക്കൊള്ളയ്ക്ക് ശ്രമിച്ച യുവാവിനെ നാട്ടുകാരും ബാങ്ക്ജീവനക്കാരും ചേര്‍ന്ന് പിടികൂടി പൊലീസിലേല്പിച്ചു. തൃശൂരിലെ കുറുപ്പം റോഡിലുള്ള സ്റേറ്റ്ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്ബിടി) ശാഖയില്‍ നിന്നാണ് യുവാവ് പണംകൊള്ളയടിക്കാന്‍ ശ്രമിച്ചത്.
മുഖംമൂടി ധരിച്ച്, കൈയില്‍ തോക്കുമായി ഉച്ചയോടെയാണ് യുവാവ് ബാങ്കിനകത്തേക്ക് കയറിവന്നത്. ജീവനക്കാര്‍ക്ക് നേരെ തോക്കുചൂണ്ടിയ യുവാവ് പണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ജീവനക്കാര്‍ കസേരകള്‍ കൊണ്ട് മുഖം മറച്ചതോടെ യുവാവ് പരിഭ്രാന്തനായി. കള്ളനെന്നുള്ള ജീവനക്കാരുടെ ഉറക്കെയുള്ള അലറിവിളികേട്ട് ബാങ്ക്കെട്ടിടത്തിന് പുറത്തുള്ള ജനങ്ങളും ജാഗരൂകരായി.
സ്ഥിതിഗതികള്‍ പന്തിയല്ലെന്നു കണ്ട ചെറുപ്പക്കാരന്‍ രണ്ടാം നിലയിലുള്ള ബാങ്ക് കെട്ടിടത്തില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാര്‍ പിന്നാലെ പാഞ്ഞു. ഒരു വെള്ളമാരുതിക്കാറിലാണ് യുവാവ് ബാങ്കിലെത്തിയത്. ആ കാറില്‍ കയറി രക്ഷപ്പെടാനുളള യുവാവിന്റെ ശ്രമം നാട്ടുകാരുടെയും ജീവനക്കാരുടെയും ഇടപെടലിനെ തുടര്‍ന്ന് വിജയിച്ചില്ല.
വിറകുകൊണ്ടുവന്ന ഉന്തുവണ്ടി കാറിനു മുന്നിലേക്ക് തള്ളിയിട്ടാണ് നാട്ടുകാര്‍ കാര്‍ തടഞ്ഞത്. പരിഭ്രാന്തനായ യുവാവ് നാട്ടുകാരെ ഭയപ്പെടുത്താന്‍ വെടികളുതിര്‍ത്തതിനെ തുടര്‍ന്ന് കാറിന്റെ മുന്‍ ചില്ലുകള്‍ തകര്‍ന്നു. ഇതിനെ തുടര്‍ന്ന് തകര്‍ന്ന മുന്‍ചില്ലിലൂടെ യുവാവിനെ നേരിടാനായിരുന്നു നാട്ടുകാരുടെ ശ്രമം.
ഒന്നുകൂടി പകച്ച യുവാവ് പിന്നീട് കാറിന്റെ പിന്‍സീറ്റിലൊളിപ്പിച്ചു വച്ച വലിയ തോക്കെടുത്ത് നാട്ടുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ തുനിഞ്ഞു. ഇതിനിടെ കാറിന്റെ പിന്‍ചില്ലുകള്‍ തകര്‍ത്ത് നാട്ടുകാര്‍ യുവാവിനെ തലക്കടിച്ചു വീഴ്ത്തുകയായിരുന്നു. പിന്നീട് യുവാവിനെ നാട്ടുകാര്‍ പൊലീസിലേല്പിച്ചു.