യുഎസ് കരസേനയും യുദ്ധത്തിന് ?
വാഷിംഗ്ടണ്‍: ജെറ്റുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണം തുടരുന്നതോടൊപ്പം അഫ്ഗാനിസ്ഥാന്‍ മണ്ണിലേക്ക് യുഎസ് കരസേനയും ഉടന്‍ നീങ്ങുമെന്ന് സൂചന. അമേരിക്ക വ്യോമാക്രമണത്തില്‍ നിന്നും കര വഴിയുള്ള ആക്രമണത്തിലേക്ക് തിരിയുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
യുഎസ് വൈസ് പ്രസിഡന്റ് ഡിക് ചെനിയാണ് ഇതുസംബന്ധിച്ച ആദ്യ സൂചനകള്‍ നല്കിയത്. കരസൈന്യത്തെ ഉപയോഗിച്ച് അഫ്ഗാനിസ്ഥാനില്‍ ആക്രമണം തുടങ്ങിയേക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഒസാമ ബിന്‍ ലാദനെ കൈമാറാന്‍ താലിബാനില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി തുടങ്ങിയ വ്യോമാക്രമണം ഏഴുദിവസം പിന്നിട്ട് കഴിഞ്ഞു. അമേരിക്കയുടെ യുദ്ധതന്ത്രത്തിന്റെ ഭാഗമായി ഇനി യുഎസ് സൈനിക ബൂട്ടുകളും അഫ്ഗാന്‍ മണ്ണില്‍ ഇടപെടുമെന്നും ചെനി സൂചിപ്പിച്ചു.
ഇതിനകം വ്യോമാക്രമണം വഴി തകര്‍ന്നുകഴിഞ്ഞ താലിബാന്റെയും അല്‍ക്വെയ്ദയുടെയും സൈനികകേന്ദ്രപ്രദേശങ്ങളില്‍ ഇനി കരസൈനികരെ ഇറക്കുന്നത് ഉചിതമായിരിക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫീല്‍ഡും സൂചിപ്പിച്ചു. അതേ സമയം കരസൈനികര്‍ എന്നതുകൊണ്ട് താന്‍ ഉദ്ദേശിച്ചത് താലിബാന്‍ വിരുദ്ധ വടക്കന്‍ സഖ്യത്തിന്റെ സൈനികരെയാണെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കുകയുണ്ടായി.
എന്നാല്‍ യുഎസ് സംയുക്തസേനാ മേധാവി റിച്ചാര്‍ഡ് മൈയേഴ്സ് കരസേനയുടെ ആക്രമണത്തിലൂടെ അടുത്ത യുദ്ധഘട്ടത്തിലേക്ക്കടക്കേണ്ടതിനെ കുറിച്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications