കെഎസ്ആര്‍ടിസിക്ക് പുതിയ മാനേജ്മെന്റ്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ ഒരു പ്രൊഫഷണല്‍ മാനേജ്മെന്റിനെ നിയോഗിക്കുമെന്ന് ഗതാഗതമന്ത്രി കെ. ബി. ഗണേഷ്കുമാര്‍ നിയമസഭയില്‍ അറിയിച്ചു.
കെഎസ്ആര്‍ടിസിയുടെ കാര്യക്ഷമത മെച്ചപ്പെടുത്താന്‍ അഴിച്ചുപണി നടത്തികൊണ്ടിരിക്കുകയാണ്. ബസ് ചാര്‍ജ് വര്‍ധനക്ക് ശേഷം കെഎസ്ആര്‍ടിസിയുടെ ദിവസേനയുള്ള വരുമാനം 28 ലക്ഷം കൂടിയിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ടുമാത്രം കെഎസ്ആര്‍ടിസി ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് മുക്തമാകില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ഗണേഷ്കുമാര്‍ പറഞ്ഞു.
4,514 ബസുകളില്‍ 3,400 ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ടയറുകളുടെയും സ്പെയര്‍ പാര്‍ട്സിന്റെയും അഭാവം നിമിത്തം മറ്റ് ബസുകള്‍ക്ക് സര്‍വീസ് നടത്താനാവുന്നില്ല. എല്ലാ ദിവസവും നാനൂറോളം സര്‍വീസുകളാണ് റദ്ദാക്കേണ്ടി വരുന്നത്.
കെഎസ്ആര്‍ടിസിക്ക് അധിക വരുമാനം ഉണ്ടാക്കുന്നതിനായി കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ നിര്‍മ്മിച്ച്, നടത്തി, കൈമാറുന്നതിന്റെ (ബിഒടി )അടിസ്ഥാനത്തില്‍ ഷോപ്പിംഗ് കോംപ്ലക്സുകള്‍ നിര്‍മിക്കുമെന്ന് ഗണേഷ്കുമാര്‍ അറിയിച്ചു.












Click it and Unblock the Notifications