പിള്ളയുടെ ജയം കോടതി കയറുന്നു
കൊച്ചി: കേരളാ കോണ്‍ഗ്രസ്(ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയുടെ തിരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച പരാതി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. തിരുവനന്തപുരം വഞ്ചിയൂരിലെ അഡ്വ. എസ്. വേണുഗോപാലാണ് പരാതിനല്കിയത്.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 8(4) വകുപ്പ് ഭരണാഘടനവിരുദ്ധമാണെന്നും അതുകൊണ്ട് കോടതി ശിക്ഷ ലഭിച്ചിട്ടുള്ള ബാലകൃഷ്ണപിള്ളയുടെ നിയമസഭാതിരഞ്ഞെടുപ്പിലെ കൊട്ടാരക്കരയില്‍ നിന്നുള്ള വിജയം റദ്ദാക്കണമെന്നുമാണ് പരാതിക്കാരന്റെ വാദം. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആള്‍ നേരത്തെ ശിക്ഷിക്കപ്പെട്ട കാലത്ത് എംഎല്‍എയോ എംപിയോ ആണെങ്കില്‍ ആ ആള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജനപ്രാതിനിധ്യ നിയമത്തിലെ 8(4) വകുപ്പ് സംരക്ഷണം നല്കുന്നു.
എന്നാല്‍ കുറ്റം ചെയ്തയാള്‍ എംഎല്‍എയോ എംപിയോ ആണെന്നതുകൊണ്ട് അയാള്‍ക്ക് പ്രത്യേക പരിഗണന കോടതി നല്കരുതെന്ന് പരാതിക്കാരന്റെ വാദത്തില്‍ പറയുന്നു. എംഎല്‍എയോ എംപിയോ ആണെങ്കില്‍ അയാള്‍ കുറ്റം ചെയ്താലും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അനുവാദം നല്കുന്ന ജനപ്രാതിനിധ്യനിയമത്തിലെ 8(4) നിയമം ഭരണഘടനാവിരുദ്ധമാണെന്നും ആ നിയമം റദ്ദാക്കണമെന്നും പരാതിക്കാരന്‍ വാദിക്കുന്നു. ഈ വാദത്തിന്റെ വെളിച്ചത്തില്‍ പിള്ളയുടെ കൊട്ടാരക്കരയില്‍ നിന്നുള്ള വിജയം റദ്ദാക്കണമെന്നും അവിടെ വീണ്ടും ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് പരാതിയില്‍ പറയുന്നത്.
അഴിമതി നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട പിള്ളയെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നും തടയണമെന്നും പരാതിക്കാരന്‍ വാദിക്കുന്നു. അടുത്തിടെ ജയലളിതയെ മുഖ്യമന്ത്രിയായി നിയമച്ചതിന്മേലുള്ള സുപ്രീംകോടതി വിധിയും പരാതിക്കാരന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ പരാതി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിരിക്കുകയാണ്.












Click it and Unblock the Notifications