കണ്‍സള്‍ട്ടന്റ് നിയമനം മന്ത്രി അറിഞ്ഞില്ല : വി. എസ്
തിരുവനന്തപുരം: ജപ്പാന്‍ സഹായ കുടിവെള്ള പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് നിയമനം ജലസേചന മന്ത്രി ടി. എം. ജേക്കബ് അറിയാതെയാണ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍. ഒക്ടോബര്‍ 24 ബുധനാഴ്ച സഭ സ്തംഭിപ്പിച്ചതിനുശേഷം സഭാ കവാടത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അന്ന് ഭക്ഷ്യമന്ത്രിയായിരുന്ന ടി. എച്ച്. മുസ്തഫയെ മറികടന്ന് പാം ഓയില്‍ അഴിമതി നടത്തിയതുപൊലെയാണിതെന്ന് ജപ്പാന്‍ അച്യുതാനന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രി ആന്റണി അറിഞ്ഞുകൊണ്ട് അഴിമതിക്ക് കൂട്ട് നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കുടിവെളള പ്രശ്നം സഭയില്‍ ഉന്നയിക്കേണ്ട പ്രതിപക്ഷത്തിന്റെ ന്യായമായ അവകാശം നിഷേധിക്കാനാണ് മൂന്ന് പ്രതിപക്ഷ എം. എല്‍. എമാരെ സസ്പെന്റ് ചെയ്തത്. ജപ്പാന്‍ കുടിവെളള പദ്ധതിയുടെ അഴിമതികള്‍ തെളിയിക്കാന്‍ കൂടുതല്‍ തെളിവുകളുമായി തിങ്കളാഴ്ച സഭയിലെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷത്തിന്റെ അന്തസ്സിനു കോട്ടം തട്ടാത്ത വിധത്തില്‍ എംഎല്‍എമാരുടെ സസ്പെന്‍ഷന്‍ സംബന്ധിച്ച് ചര്‍ച്ചയാകാമെന്നും വിഎസ് പറഞ്ഞു. പക്ഷെ ഇതുവരെ ഭരണപക്ഷത്തിന്റെ അഭിപ്രായം പ്രതിപക്ഷത്തെ അവഹേളിക്കുന്ന തരത്തിലായിരുന്നു. എന്തായാലും ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് പ്രതിപക്ഷം തയ്യാറാണെന്നും വിഎസ് വ്യക്തമാക്കി.












Click it and Unblock the Notifications