ആരോപണത്തിന് പിന്നില്‍ ശത്രുക്കള്‍: മന്ത്രിമാര്‍
തിരുവനന്തപുരം : തങ്ങള്‍ക്കെതിരെയുളള ലൈംഗിക അപവാദത്തിനു പിന്നില്‍ പാര്‍ട്ടിക്കകത്തും പുറത്തുമുള്ള ശത്രുക്കളാണെന്ന് മന്ത്രിമാരായ കാര്‍ത്തികേയനും കടവൂരും.
ഏതുതരം അന്വേഷണവും നേരിടാന്‍ തങ്ങള്‍ ഒരുക്കമാണെന്ന്. കഷ്ടപ്പെട്ടു നേടിയെടുത്ത സല്‍പ്പേരു തകര്‍ക്കാന്‍ കരുതിക്കൂട്ടിയുള്ള ശ്രമമാണിതെന്നും അവര്‍ ആരോപിച്ചു. ജനവരി രണ്ട് ബുധനാഴ്ച തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രിമാര്‍ തങ്ങളുടെ നിരപരാധിത്വം വ്യക്തമാക്കിയത്.
എന്നാല്‍ ആരാണിവരെന്ന് തെളിച്ചു പറയാന്‍ ഇരുവരും തയ്യാറായില്ല. പരാതിയുടെ ഉറവിടമന്വേഷിക്കാന്‍ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. പരാതി പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് അഭിഭാഷകന്‍ കൂടിയായ കടവൂര്‍ ശിവദാസന്‍ അഭിപ്രായപ്പെട്ടു. ഇതൊരാരോപണം പോലുമല്ല. പതിനാറു വര്‍ഷം മുമ്പ് താന്‍ തൊഴില്‍ മന്ത്രിയായിരുന്ന കാലത്തു നടന്ന സംഭവമാണെന്നാണ് പരാതിയില്‍ പറയുന്നത്. ഇതുവരെ ഇല്ലാത്ത പരാതിയാണ് ഇപ്പോള്‍. പരാതി നിറയെ പ്രസ്തുത സ്ത്രീയുടെ പതിനാറു വര്‍ഷത്തെ ലൈംഗിക ചരിത്രമാണെന്നും കടവൂര്‍ പരിഹസിച്ചു.
തീര്‍ത്തും തകര്‍ന്ന നിലയിലായിരുന്നു കാര്‍ത്തികേയന്‍. കഠിന പരിശ്രമം കൊണ്ടും ദൈവാധീനം കൊണ്ടുമാണ് താന്‍ ഈ നിലയിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ പലപ്പോഴായി സ്വീകരിച്ച നിലപാടുകളില്‍ ശരിതെറ്റുകളുണ്ടാവാം. എന്നാല്‍ അതിനു പകവീട്ടാന്‍ ഇത്തരം മാര്‍ഗം തിരഞ്ഞെടുക്കുന്നത് ദൈവം പൊറുക്കുകയില്ലെന്ന് ഇടറുന്ന ശബ്ദത്തില്‍ കാര്‍ത്തികേയന്‍ പറഞ്ഞു. വനിതാ കമ്മീഷന് ഇരുവരും വിശദീകരണം നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസിലെ ഗ്രൂപ്പു പോരിന്റെ പുതിയ മുഖമാണ് ഈ ആരോപണമെന്ന സൂചനയാണ് മന്ത്രിമാരുടെ വാക്കുകളില്‍ നിറഞ്ഞു നിന്നത്.












Click it and Unblock the Notifications