കേരളത്തെ ഐടി കേന്ദ്രമാക്കും: കുഞ്ഞാലിക്കുട്ടി
ദുബായ് : കേരളത്തെ വിവരസാങ്കേതികവിദ്യാകേന്ദ്രമാക്കി മാറ്റുമെന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. വിവരസാങ്കേതിക രംഗത്ത് കേരളം വൈകിയാണെത്തിയതെങ്കിലും മറ്റ് സംസ്ഥാനങ്ങള്‍ക്കില്ലാത്ത നേട്ടം കേരളത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ഡവലപ്മെന്റ്(ഒഇസിഡി) ദുബായില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ നിക്ഷേപം നടത്തുന്നവരെ പിന്തിരിപ്പിക്കുന്ന ട്രേഡ്യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ നിയമം കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി കുഞ്ഞാലിക്കുട്ടിയും കേന്ദ്ര വിവരസാങ്കേതിക-വാര്‍ത്താവിനിമയ സഹമന്ത്രി തപന്‍ സിക്ദറും എന്നിവര്‍ ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധമന്ത്രിയുമായ ജനറല്‍ ഷേഖ് മുഹമ്മദ് ബിന്‍ റഷീദുമായി കേരളത്തിലെ വിവരസാങ്കേതിക വികസന സാധ്യതകള്‍ ചര്‍ച്ചചെയ്തു.
ദുബായ് ഇന്റര്‍നെറ്റ് സിറ്റി സന്ദര്‍ശിച്ച് മന്ത്രി അവിടുത്തെ പ്രധാനപ്പെട്ട വ്യക്തികളുമായി ചര്‍ച്ച നടത്തി. ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുമായി സഹകരിച്ച് കേരളത്തില്‍ വിവരസാങ്കേതിക കയറ്റുമതി സംസ്കരണമേഖല സ്ഥാപിക്കും. ഇവിടെ മുതല്‍ മുടക്കാന്‍ പ്രവാസി മലയാളികള്‍ തയ്യാറാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ മുതല്‍മുടക്കാന്‍ തയ്യാറായി ദുബായിലെ ഒട്ടേറെ മലയാളികള്‍ തന്നെ ബന്ധപ്പെട്ടിരുന്നു. കേരളം ഇപ്പോള്‍ ഐടി മേഖലയില്‍ ഒട്ടേറെ സൗജന്യങ്ങള്‍ അനുവദിക്കുന്നതിനാലും വിദേശമലയാളികള്‍ക്ക് കേരളത്തിലെ സാഹചര്യം നല്ലതുപോലെ അറിയാമെന്നതിനാലും അവര്‍ ഈ അവസരം മുതലാക്കുമെന്നുതന്നെയാണ് താന്‍ കരുതുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.