കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്നത് ജോലി തേടി; പോയത് കേസുമായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : വന്നത് ജോലി കിട്ടുമെന്ന് പ്രതീക്ഷിച്ച്. കിട്ടിയത് തല്ലും കേസും. സര്‍ക്കാരിന്റെ ഉത്തരവ് വിശ്വസിച്ച് ദിവസക്കൂലിയ്ക്ക് ജോലി തേടി ഫിബ്രവരി 15വെള്ളിയാഴ്ച നന്ദാവനത്തെത്തിയവര്‍ക്കാണ് ഈ ദുര്യോഗം.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പകരക്കാരെ തിരഞ്ഞെടുക്കുമെന്ന് സര്‍ക്കാര്‍ രണ്ടു ദിവസമായി പരസ്യം ചെയ്യുകയാണ്. പരസ്യം വിശ്വസിച്ച് രാവിലെ രണ്ടായിരത്തോളം തൊഴില്‍ രഹിതര്‍ നന്ദാവനം പൊലീസ് ക്യാമ്പിനു സമീപമെത്തി. എന്നാല്‍ പൊലീസുകാരുടെ നിലപാട് വന്നവരുടെ ചങ്കു തകര്‍ക്കുന്നതായിരുന്നു.

തങ്ങള്‍ക്ക് നിയമനം നടത്താനുളള നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും ഇവിടെ കൂടി നില്‍ക്കാതെ പിരിഞ്ഞു പോകണമെന്നും പൊലീസ് ഭാഷയില്‍ തന്നെ നിര്‍ദ്ദേശം വന്നു. ലീവ് സറണ്ടര്‍ നഷ്ടപ്പെട്ട വൈരാഗ്യം മുഴുവന്‍ ഭാഷയില്‍ തെളിഞ്ഞിരുന്നുവെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

എന്നാല്‍ രണ്ടു ദിവസം മുമ്പു മാത്രം ജോലിയില്‍ പ്രവേശിച്ച താല്‍ക്കാലിക മുന്‍ഗാമികള്‍ ഉത്സാഹിച്ചു പണിയെടുക്കുന്ന ചിത്രങ്ങള്‍ ദൃശ്യമാദ്ധ്യമങ്ങളില്‍ കണ്ടവര്‍ പിരിയാന്‍ ഒരുക്കമായിരുന്നില്ല. തങ്ങള്‍ക്കും ജോലി ലഭിക്കുമെന്ന് തന്നെ അവര്‍ കരുതി. മന്ത്രിയുടെ പ്രസ്താവനയില്‍ അവര്‍ക്ക് അത്ര വിശ്വാസമായിരുന്നു. അതുകൊണ്ടു തന്നെ തങ്ങള്‍ക്ക് വെറുതെ ജോലിയുണ്ടാക്കരുതെന്ന പൊലീസ് ഭാഷ അവര്‍ അവഗണിച്ചു.

വിശ്വാസം തെറ്റാണെന്ന് വൈകാതെ മനസിലായി. സമയം കഴിഞ്ഞിട്ടും നിയമിക്കാന്‍ ചുമതലപ്പെട്ടവര്‍ വന്നില്ല. കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ നടുറോഡില്‍ കുത്തിയിരുന്നു. എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ട പൊലീസുകാരോട് തട്ടിക്കയറാനും ഹതാശരായ ചിലര്‍ തയ്യാറായി. ഉന്തും തളളും കഴിഞ്ഞ് അവര്‍ പ്രകടനമായി സെക്രട്ടേറിയറ്റിലേയ്ക്ക് നീങ്ങി.

പിന്നെയെല്ലാം മുറപോലെയായിരുന്നു. തീപ്പൊരി മുദ്രാവാക്യങ്ങള്‍. സമരക്കാര്‍ക്കെതിരെ സര്‍ക്കാരിന്റെ വാക്കു വിശ്വസിച്ചു വന്നവര്‍ സര്‍ക്കാരിനെതിരെ ആവേശകരമായി മുദ്രാവാക്യം വിളിച്ചു. സെക്രട്ടേറിയറ്റിനു മുന്നില്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രകടനക്കാരെ തടഞ്ഞു. പ്രതിഷേധം മതിയാക്കി പിരിഞ്ഞു പോകാനുളള ഉത്തരവ് അനുസരിക്കാന്‍ പ്രകടനക്കാര്‍ പക്ഷേ, തയ്യാറായില്ല.

അവര്‍ വീണ്ടും കുത്തിയിരിപ്പ് തുടങ്ങി. പിരിഞ്ഞു പോകാന്‍ വിസമ്മതിച്ചവരെ പൊലീസ് അറസ്റു ചെയ്തു. സാധാരണ ഇങ്ങനെ അറസ്റു ചെയ്യുന്നവരെ നന്ദാവനത്തേയ്ക്കാണ് കൊണ്ടു പോവുക. പക്ഷേ ഇത്തവണ പൊലീസ് വാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേയ്ക്കാണ് പോയത്.

ഗതാഗതം തടസപ്പെടുത്തിയതിന് എല്ലാവരുടെ പേരിലും കേസ് ചാര്‍ജു ചെയ്തു. ജോലി പ്രതീക്ഷിച്ച് വെളുപ്പാന്‍കാലത്തേ വീട്ടില്‍ നിന്നിറങ്ങിയവര്‍ അങ്ങനെ കേസില്‍ പ്രതികളായി തിരിച്ചു പോയി.

സമരം കുറേക്കാലം കഴിയുമ്പോള്‍ ഒത്തു തീരും. സമരക്കാരുടെ പേരിലുളള കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കും. അതാണ് നാട്ടുനടപ്പ്. എസ്മയുടെ കുരുക്കുമൊക്കെ ഊരി സാറന്മാര്‍ വീണ്ടും ഓഫീസുകളിലെത്തും. സ്റേഷനില്‍ കിടന്ന കാലത്തെ കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ച് സഹപ്രവര്‍ത്തകര്‍ക്കു മുമ്പില്‍ വിളമ്പും. പക്ഷേ ഈ പാവങ്ങളുടെ പേരിലെ കേസോ?

വര്‍ഗ വഞ്ചകരായി കരിങ്കാലിപ്പണി ചെയ്യാന്‍ വന്നവരോട് സമരക്കാര്‍ക്കും യൂണിയനും ഒരനുഭാവവും കാണില്ല. ഇവരുടെ കാര്യം ഓര്‍ക്കാന്‍ സര്‍ക്കാരിന് പണ്ടേ സമയവുമില്ല. നഗരത്തിലെ ഗതാഗതം തടസപ്പെടുത്തിയ കേസില്‍ കോടതിയിലെത്താന്‍ കുറേനാളുകള്‍ കഴിയുമ്പോള്‍ കോടതിയുടെ സമന്‍സെത്തും. കേസ് നീണ്ടു പോയാലും പ്രശ്നമില്ല.അടുക്കളയില്‍ നിന്നും പാറമടയില്‍ നിന്നും ഇഷ്ടം പോലെ ലീവുമെടുത്ത് കോടതിയിലെത്താം. കാരണം അവര്‍ക്ക് ലീവ് സറണ്ടറില്ലല്ലോ!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X