ഭരണഘടനാ കമ്മിഷന്‍: സാംഗ്മ രാജിവച്ചു
ദില്ലി: ഭരണഘടനാ പുന:പരിശോധനാ കമ്മിഷനില്‍ നിന്നും മുന്‍ ലോക്സഭാ സ്പീക്കര്‍ പി. എ. സാംഗ്മ രാജിവെച്ചു.
ഇന്ത്യയില്‍ ജനിച്ചവരല്ലാത്ത പൗരന്മാര്‍ ഭരണഘടനാപരമായ ഉയര്‍ന്ന പദവികളിലേറുന്നത് തടയുന്ന നിയമം കൊണ്ടുവരണമെന്ന സാംഗ്മയുടെ നിര്‍ദേശം കമ്മിഷന്‍ തള്ളിയതില്‍ പ്രതിഷേധിച്ചാണ് രാജി. രാജിക്കത്ത് കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റിസ് എം. എന്‍. വെങ്കിടചെല്ലയ്യയ്ക്ക് സാംഗ്മ നല്‍കി.
കമ്മിഷനോട് ബഹുമാനം നിലനിര്‍ത്തുമ്പോഴും അതില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് സാംഗ്മ രാജിക്കത്തില്‍ വ്യക്തമാക്കി.
കമ്മിഷന്‍ ചെയര്‍മാന്‍ കാസ്റിഗ് വോട്ട് ചെയ്യാത്തതുകൊണ്ടാണ് തന്റെ നിര്‍ദേശം തള്ളിപ്പോയതെന്ന് സംഗ്മ പറഞ്ഞു. തന്റെ നിര്‍ദേശത്തെ എതിര്‍ത്തവര്‍ ഒരു പ്രത്യേക വ്യക്തിയെ ലാക്കാക്കിയുള്ളതാണ് അതെന്നാണ് ആരോപിച്ചത്. എന്നാല്‍ ഏതെങ്കിലും വ്യക്തിയെ ലക്ഷ്യമാക്കിയുള്ളതായിരുന്നില്ല തന്റെ നിര്‍ദേശം.
സാംഗ്മയുടെ നിര്‍ദ്ദേശം വോട്ടിനിട്ടപ്പോള്‍ എതിര്‍ത്തും അനുകൂലിച്ചും അഞ്ചു വോട്ടുകള്‍ വീതമാണ് കിട്ടിയത്.
കമ്മിഷന്‍ അംഗങ്ങളുമായി ചര്‍ച്ച ചെയ്യാതെ സാംഗ്മയുടെ രാജിയെ കുറിച്ച് തനിക്കൊന്നും പറയാനാവില്ലെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റിസ് വെങ്കിടാചലയ്യ പറഞ്ഞു. സാംഗ്മ രാജിക്കത്ത് പിന്‍വലിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മേഘാലയത്തിലെ തുറ പാര്‍ലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിയ്ക്കുന്ന എം പി യാണ് സാംഗ്മ (പൂര്‍ണോ അഗിതോക് സാംഗ്മ) ഇപ്പോള്‍. കോണ്‍ഗ്രസില്‍ നിന്ന് തെറ്റിയ സാംഗ്മ ഇപ്പോള്‍ നാഷണലിസ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അംഗമാണ്.












Click it and Unblock the Notifications