• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എ. കെ. ഭരിക്കുന്നത് മദ്യ മാഫിയയ്ക്കു വേണ്ടി : സുധീരന്‍

  • By Staff

തിരുവനന്തപുരം : സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വ്യാജമദ്യവും സ്പിരിട്ടും ഒഴുകിയത് ഈ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്ന് വി. എം. സുധീരന്‍.

ജനജീവിതത്തെക്കാള്‍ എ. കെ. ആന്റണിയ്ക്കു മുഖ്യം മദ്യമാഫിയയുടെ താല്‍പര്യങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു. മദ്യലോബിയ്ക്കു വേണ്ടിയാണ് പുതിയ നയം ഉണ്ടാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയ്ക്കയച്ച തുറന്ന കത്തിലാണ് സുധീരന്റെ ആരോപണങ്ങള്‍.

രൂക്ഷമായ ഭാഷയിലാണ് കത്തില്‍ സുധീരന്‍ ആന്റണിയെ വിമര്‍ശിക്കുന്നത്. മദ്യലോബിയെ തുണയ്ക്കുന്നത് എ. കെ. മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് എന്ന സത്യം തന്നെ വേദനിപ്പിക്കുന്നതായി കത്തില്‍ പറയുന്നത്. കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍, യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടി, ധനമന്ത്രി കെ. ശങ്കരനാരായണന്‍, ടൂറിസം മന്ത്രി കെ. വി. തോമസ് എന്നിവര്‍ക്കും കത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.

കത്തിന്റെ പൂര്‍ണ രൂപം

പ്രിയപ്പെട്ട എ. കെ.

പുതിയ മദ്യനയം ഏതായാലും വളരെ ഭേഷായി. അബ്കാരി ലോബിയ്ക്ക് ആഹ്ലാദിക്കാന്‍ ഇതിലേറെ ഒന്നും വേണ്ട. ഏറ്റവും ചുരുങ്ങിയ ചെലവില്‍ വ്യജമദ്യവും സ്പിരിട്ടും ഒഴുക്കാന്‍ ഇത്രയും സൗകര്യം ഇനി വേറെ കിട്ടാനില്ല.

സഹകരണ സംഘങ്ങള്‍ ഷാപ്പുകള്‍ നടത്തുമ്പോള്‍ തന്നെ അതില്‍ മിക്കതിന്റെയും നടത്തിപ്പുകാര്‍ മദ്യരാജാക്കന്‍മാരുടെ ബിനാമികളാണല്ലോ. കളളിന്റെ മറവില്‍ വ്യാജമദ്യ വിതരണ- വിപണനത്തിന് അവസരമുളളതു കൊണ്ടാണല്ലോ അവര്‍ ഇതിനു മുതിരുന്നത്. ഷാപ്പുകളില്‍ കൂടി ശുദ്ധമായ കളളു മാത്രമേ വില്‍പന നടത്തുവാന്‍ സാധിക്കൂ എന്നു വരികില്‍ അതെടുക്കാന്‍ ഒരു ബിനാമിയും തയ്യാറാകില്ലെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്?

സര്‍ക്കാര്‍ മെഷിനറി ഫലപ്രദമായി പ്രവര്‍ത്തിക്കാത്തതു തന്നെയാണ് ഈ അവസ്ഥയ്ക്കു കാരണം. ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നെങ്കില്‍ വ്യാജമദ്യം വിറ്റ് പണം വാരിക്കൂട്ടാന്‍ ആര്‍ക്കും കഴിയില്ല. പക്ഷേ, സര്‍ക്കാരിന്റെ നിഷ്ക്രിയത്വം എന്തും ചെയ്യാമെന്ന അവസ്ഥ മദ്യ രാജാക്കന്‍മാര്‍ക്ക് ഉണ്ടാക്കി. ബിനാമികളുടെ വേഷത്തില്‍ അവര്‍ രംഗം കൈയടക്കുകയും ചെയ്തു.

ഇത്രയും വിപുലമായ തോതില്‍ വ്യാജമദ്യം കേരളത്തില്‍ ഒഴുകിയ കാലമുണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ ഇടതുമുന്നണി ഭരണത്തെ പ്പോലും കടത്തി വെട്ടുന്ന നിലയിലായി- കഴിഞ്ഞ ഓണക്കാലമൊഴിച്ച്.

ബാറുകളിലാണെങ്കില്‍ വ്യാജമദ്യവും സെക്കന്‍ഡും ഇഷ്ടം പോലെ. സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് ഏറെ ചര്‍ച്ച നടക്കുന്ന ഇക്കാലത്ത് ബാറുകളിലും ഷാപ്പുകളിലും വ്യാജമദ്യ വില്‍പന വ്യാപകമായതു കൊണ്ട് സര്‍ക്കാരിന് കിട്ടേണ്ട വരുമാനത്തിലുണ്ടായ കുറവ് മനസിലാകാതെ വരില്ലല്ലോ. ഇപ്രകാരം വ്യജമദ്യത്തിന്റെയും സ്പിരിട്ടിന്റെയും ഒഴുക്കു തടയുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍, വ്യക്തികള്‍ക്ക് കളളുഷാപ്പുകള്‍ ലൈസന്‍സ് അടിസ്ഥാനത്തില്‍ നല്‍കുന്നതിന് പ്രഖ്യാപിച്ചിട്ടുളള വ്യവസ്ഥകള്‍ വായിച്ചപ്പോള്‍ അതൊരു തമാശയായി തോന്നി.

ഈ വ്യവസ്ഥകള്‍ മറികടക്കാന്‍ മദ്യരാജാക്കന്‍മാര്‍ വേണ്ടതെല്ലാം ഇതിനകം ചെയ്തു കഴിഞ്ഞു. മിക്കയിടത്തും അവരുടെ ബിനാമികളെ തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണ്. അഴിമതിയ്ക്ക് കുപ്രസിദ്ധരായ എക്സൈസ് അധികൃതരുടെ കാര്‍മികത്വത്തില്‍ ബിനാമികള്‍ക്കു വേണ്ടി നടക്കാന്‍ പോകുന്ന നറുക്കെടുപ്പ് പ്രക്രിയ എത്രയോ പരിഹാസ്യമാണ്.

ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേയ്ക്ക് കളള് കൊണ്ടു പോകുന്നതിന് നിയന്ത്രണമില്ലെന്നതും അബ്കാരികള്‍ക്ക് വ്യാജനും സ്പിരിട്ടും കൊണ്ടു വരുന്നതിന് ഏറെ സൗകര്യപ്രദമായ കാര്യമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ചെറിയ മുടക്കില്‍ ഇത്രയും പണം വന്‍ തോതില്‍ വാരിക്കൂട്ടാനും ജനങ്ങളെ ചൂഷണം ചെയ്യാനും ഇത്രയേറെ സൗകര്യം അബ്കാരികള്‍ക്ക് ഏര്‍പ്പെടുത്തിക്കൊടുത്തു എന്നതാണ് പുതിയ മദ്യനയത്തിന്റെ മൊത്തം ഫലം.

സംസ്ഥാനത്ത് നിയമവിരുദ്ധമായും ക്രമവിരുദ്ധമായും പ്രവര്‍ത്തിക്കുന്ന ബാറുകള്‍ ഒഴിവാക്കുന്നതിന് വേണ്ട ഒരു നടപടികളെ സംബന്ധിച്ച ഒരു സൂചനയും ഈ നയത്തിലില്ല. കോടതി സ്റേയുടെ അടിസ്ഥാനത്തില്‍ 110 ബാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ദൂരപരിധി ലംഘിച്ചത് 71 എണ്ണവും മറ്റ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായത് 30 എണ്ണവുമാണ്. ഇതിനു പുറമെ കാലഹരണപ്പെട്ട ലൈസന്‍സ് പുതുക്കിക്കൊടുത്ത് കഴിഞ്ഞ എല്‍. ഡി. എഫ് സര്‍ക്കാര്‍ ക്രമവിരുദ്ധമായി അനുവദിച്ച 40 ബാറുകളുമുണ്ട്.

ഇതെല്ലാം ഒഴിവാക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിച്ചേ മതിയാവൂ. കോടതികളില്‍ സര്‍ക്കാര്‍ ഭാഗം നന്നായി വാദിക്കുകയും വേണം. ബാറുകാരുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് സാധാരണ സര്‍ക്കാര്‍ ഭാഗം തോറ്റു കൊടുക്കുന്ന പതിവ് ഇത്തവണയും ആവര്‍ത്തിക്കുന്നതിന്റെ ലക്ഷണങ്ങളാണ് ഈ നയത്തിലും കാണുന്നത്.

ബാറുകള്‍ക്ക് ഒരു പോറല്‍ പോലു ഏല്‍ക്കാതെ വേണ്ട സംരക്ഷണം ഉണ്ടാകുമെന്ന ധാരണ എവിടെയോ നടത്തിയതിന്റെ പ്രതിഫലനമാണോ ഈ നയത്തില്‍ കാണുന്നതെന്ന് സംശയിക്കുന്നതില്‍ കുറ്റം കാണരുത്. മേല്‍ക്കാണിച്ച 150 ബാറുകളെങ്കിലും ഇല്ലാതാക്കാന്‍ കഴിഞ്ഞെങ്കില്‍ ഘട്ടംഘട്ടമായി മദ്യവില്‍പന ശാലകള്‍ കുറച്ചു കൊണ്ടു വരും എന്നതിന്റെ ഭാഗമായി കണക്കാക്കാമായിരുന്നു.

കളളുഷാപ്പുകളില്‍ 1972 എണ്ണം പൂട്ടുമെന്നു പറയുന്നത് സര്‍ക്കാര്‍ സ്വമനസാലെ ചെയ്തതാണെന്ന് ഏതായാലും ആരും കരുതുകയില്ല. കാരണം, കഴിഞ്ഞ ഡിസംബറില്‍ ബഹുമാനപ്പെട്ട ഹൈക്കോടതി തന്നെ ദൂരപരിധി ലംഘിച്ച് പ്രവര്‍ത്തിക്കുന്ന 2019 ഷാപ്പുകള്‍ നിയമവിരുദ്ധമാണെന്ന് വിധി പ്രസ്താവിച്ചിട്ടുണ്ട്.

നക്ഷത്ര ഹോട്ടലുകള്‍ക്കും ഇനി ബാര്‍ ലൈസന്‍സ് കൊടുക്കില്ലെന്ന് തീരുമാനിച്ചതായികുറച്ചു മുമ്പ് പത്രങ്ങളില്‍ കണ്ടപ്പോള്‍ ആശ്വാസം തോന്നിയിരുന്നു. പക്ഷേ, ഈ തീരുമാനം അട്ടിമറിച്ച പുതിയ നയത്തില്‍ ത്രീ സ്റാര്‍ ഹോട്ടല്‍ മുതല്‍ ബാര്‍ ലൈസന്‍സ് നല്‍കുമെന്ന് വന്നതിന്റെ പിന്നാമ്പുറ കഥകളെക്കുറിച്ച് പലതും കേള്‍ക്കുന്നുണ്ട്. ടൂറിസം വികസനത്തിന്റെ പേരു പറഞ്ഞ് നക്ഷത്ര ഹോട്ടലുകളുടെ മറവില്‍ പുതിയ ബാര്‍ ലൈസന്‍സ് ഇഷ്ടം പോലെ നല്‍കാനുളള പച്ചക്കൊടി കാട്ടലാണ് ഇപ്പോഴത്തെ ഈ നീക്കം.

കാശു കൊടുക്കാന്‍ തയ്യാറുളളവര്‍ക്ക് അവരാഗ്രഹിക്കുന്ന സ്റാര്‍ പദവി കിട്ടാന്‍ ഒരു പ്രയാസവുമില്ലെന്ന് പറയേണ്ടതില്ലല്ലോ. അനര്‍ഹമായി ചില ഹോട്ടലുകള്‍ക്ക് ഇപ്രകാരം സ്റാര്‍ പദവി നല്‍കിയതിനെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ തന്നെ നേരത്തെ ബന്ധപ്പെട്ട തലത്തില്‍ ആക്ഷേപമുയര്‍ന്നതായാണ് എന്റെ അറിവ്.

ചാരായ നിരോധനം പ്രഖ്യാപിക്കുകയും തുടര്‍ന്ന് അധികാരത്തിലിരുന്ന 50 ദിവസത്തോളം അത് ഫലപ്രദമായി നടപ്പാക്കുകയും ചെയ്ത് ഘട്ടം ഘട്ടമായി മദ്യ നിരോധനം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച യുഡിഎഫിന്റെ ഈ മലക്കം മറിച്ചില്‍ കേരളത്തെ മദ്യരാജാക്കന്‍മാരുടെ പറുദീസയാക്കി മാറ്റും. അവര്‍ നിശ്ചയിക്കുന്ന എക്സൈസ് പൊലീസ് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ പലയിടത്തും നിരന്നു കഴിഞ്ഞു. സമാന്തര സമ്പദ് വ്യവസ്ഥ പടുത്തുയര്‍ത്തി അഴിമതി വളര്‍ത്തി രാഷ്ട്രീയ ഭരണ രംഗത്തെ കൊടും അഴിമതിയിലേയ്ക്ക് തളളിവിടുന്ന സാഹചര്യം അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ ശക്തിപ്പെടാനേ ഈ മദ്യനയം ഇടവരുത്തൂ.

നമ്മുടെ പൊലീസ് എക്സൈസ് റവന്യൂ തലങ്ങളില്‍ ഇത്രമാത്രം അഴിമതി വളര്‍ന്നതില്‍ അബ്കാരി ലോബിയുടെ മുഖ്യപങ്ക് ആര്‍ക്കെങ്കിലും നിഷേധിക്കാനാവുമോ?

രാഷ്ട്രീയ ഭരണ തലത്തിലെ അനാശാസ്യ പ്രവണതകള്‍ ഏറി വരുന്നതിലും ഇവരുടെ പങ്ക് എന്താണെന്ന് പറയേണ്ടതില്ലല്ലോ. ഏതായാലും അബ്കാരി ലോബിയോട് കൃത്യമായി വാക്കു പാലിച്ചുവെന്ന് യുഡിഎഫിലെ പലര്‍ക്കും ഇനി അഭിമാനിക്കാം.

ജനങ്ങളുടെ ജീവിത പ്രശ്നങ്ങളില്‍ കാര്യമായിട്ടൊന്നും ഇതുവരെ ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും മദ്യമാഫിയയ്ക്കു വേണ്ടി എന്തും ചെയ്യാന്‍ മടിക്കില്ലെന്ന് വ്യക്തമാക്കുന്ന ഈ നയം ഉരുത്തിരിഞ്ഞത് എ. കെ. മുഖ്യമന്ത്രിയായിട്ടിരിക്കുന്ന അവസരത്തിലാണെന്നത് വ്യക്തിപരമായി എന്നെ വളരെ വേദനിപ്പിക്കുന്നു. ശക്തമായ പ്രതിഷേധവും വിഷാദവും ഇക്കാര്യത്തില്‍ എനിക്കുണ്ട്.

ഇതിനെല്ലാം കനത്ത വില നല്‍കേണ്ടി വരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

സ്നേഹാദരപൂര്‍വം,

വി. എം. സുധീരന്‍ (ഒപ്പ് )

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more