കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശതകോടി അര്‍ച്ചനയില്‍ കോടികളുടെ തിരിമറി

  • By Staff
Google Oneindia Malayalam News

പത്തനംതിട്ട : മലയാലപ്പുഴ ശതകോടി അര്‍ച്ചനയുമായി ബന്ധപ്പെട്ട ദേവസ്വം ബോര്‍ഡ് കണക്കുകളില്‍ കോടികളുടെ തിരിമറിയെന്ന് ആരോപണം. തിരുവിതാംകൂര്‍ ദേവസ്വം അക്കൗണ്ട്സ് ഓഫീസര്‍ ആര്‍. കൃഷ്ണന്‍ നായര്‍ ബോര്‍ഡിനയച്ച കത്തിലാണ് അഴിമതിയുടെ കണക്കുകള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അര്‍ച്ചനയുടെ കൂപ്പണ്‍ അച്ചടിയിലും വിതരണത്തിലും വന്‍ കളളക്കളി നടന്നിരിക്കുന്നതായി കത്തില്‍ സൂചിപ്പിക്കുന്നു.

എട്ടു കോടിയുടെ ചെലവ് പ്രതീക്ഷിക്കുന്ന ശതകോടി അര്‍ച്ചനയ്ക്ക് 25 കോടിയുടെ കൂപ്പണുകള്‍ അച്ചടിച്ചെന്നാണ് അറിയുന്നത്. എന്നാല്‍ ഇവ അച്ചടിച്ചത് ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ്. എത്ര രൂപയ്ക്കുളള കൂപ്പണുകള്‍ അച്ചടിച്ചെന്നോ എത്ര എണ്ണം അച്ചടിച്ചെന്നോ ഉളളതിന് വ്യക്തമായ രേഖകള്‍ സൂക്ഷിച്ചിട്ടില്ല.

അഡ്മിനിസ്ട്രേറ്റ് ഓഫീസര്‍ സുരേഷ് കുമാറിനെതിരെയാണ് ആരോപണങ്ങള്‍ നീളുന്നത്. ദേവസ്വം ബോര്‍ഡിന്റെ അനുമതി വാങ്ങാതെയാണ് അര്‍ച്ചനയ്ക്കു വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. ജനവരി എട്ടു മുതല്‍ മാര്‍ച്ച് 21 വരെ നടന്ന ഒരു പ്രവര്‍ത്തനവും ബോര്‍ഡിനെ അറിയിച്ചിരുന്നില്ല. ഒരു രസീതും വാങ്ങാതെ ചെന്നൈയിലുളള ഒരു വ്യക്തിയ്ക്ക് ഒരു കോടി രൂപയുടെ കൂപ്പണ്‍ നല്‍കിയിട്ടുണ്ടെന്നും ആരോപണമുണ്ട്. അര്‍ച്ചനയുടെ ഒരുക്കങ്ങള്‍ക്കായി ഏഴു ലക്ഷം രൂപ ചെലവിട്ടെന്നു പറയുന്നുണ്ടെങ്കിലും അതിന്റെ കണക്കുകളൊന്നും സൂക്ഷിച്ചിട്ടില്ല.

ശതകോടി അര്‍ച്ചനയ്ക്കുളള കൂപ്പണുകള്‍ അച്ചടിച്ചത് ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെയാണെന്നാണ് പ്രധാന ആരോപണം. അച്ചടിച്ച പ്രസിന്റെ പേരോ മറ്റു വിവരങ്ങളോ കൂപ്പണില്‍ രേഖപ്പെടുത്തിയിട്ടില്ല. എത്ര കൂപ്പണ്‍ അച്ചടിച്ചെന്നതിനും കണക്കില്ല. ബോര്‍ഡു വക പ്രസ് തിരുവനന്തപുരത്തുണ്ടായിരുന്നിട്ടും സ്വകാര്യ പ്രസിലാണ് അച്ചടി നടന്നതെന്ന് അക്കൗണ്ട്സ് ഓഫീസര്‍ ചൂണ്ടിക്കാട്ടുന്നു.

അച്ചടിച്ച കൂപ്പണുകള്‍ വിതരണം ചെയ്തതിന് കൃത്യമായ വൗച്ചറുകള്‍ സൂക്ഷിച്ചിട്ടില്ല. ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടി വന്ന ചെലവുകളെക്കുറിച്ചും വ്യക്തമായ കണക്കുകള്‍ സൂക്ഷിക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്കു കഴിഞ്ഞിട്ടില്ലെന്ന് കൃഷ്ണന്‍ നായര്‍ ചൂണ്ടിക്കാട്ടുന്നു.

മലയാലപ്പുഴ ദേവസ്വം ബോര്‍ഡിലെ രേഖകള്‍ അനുസരിച്ച് കൂപ്പണുകള്‍ ഏറെയും നല്‍കിയിരിക്കുന്നത് പരമേശ്വര അയ്യര്‍, ഡോ. ജയലക്ഷ്മി, എസ്. നാരായണന്‍. സുനില്‍ സ്വാമി എന്നിവര്‍ക്കാണ് എന്നാല്‍ അതിന് രസീതുകള്‍ വാങ്ങിയിട്ടില്ല. ഇതില്‍ ഡോ. ജയലക്ഷ്മിയ്ക്കാണ് ഒരു കോടി രൂപയ്ക്കുളള ഒരു ലക്ഷം രൂപാ കൂപ്പണുകള്‍ നല്‍കിയത്.

കൂപ്പണ്‍ വഴി എത്ര സംഭാവന ലഭിച്ചിട്ടുണ്ടെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്ന് കൃഷ്ണന്‍ നായര്‍ പറയുന്നു. അതിനാവശ്യമായ രേഖകളൊന്നും അവിടെയില്ലെന്നതാണ് കാരണം.

കൂപ്പണുകള്‍ അച്ചടിക്കുന്നതിനും ഫണ്ട് കണ്ടെത്തുന്നതിനുമുളള ചുമതലകള്‍ ഏല്‍പിച്ചിരുന്നത് ആറന്‍മുള ദേവസ്വം അസിസ്റന്റ് കമ്മിഷണറെയും മലയാലപ്പുഴ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെയുമാണ്. ഒരുക്കങ്ങള്‍ യഥാസമയം ദേവസ്വം ബോര്‍ഡിനെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ ചുമതലകള്‍ നിറവേറ്റുന്ന കാര്യത്തില്‍ ഇരുവരും ദയനീയമായി പരാജയപ്പെട്ടു. കൂപ്പണ്‍ അച്ചടിയില്‍ ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കുന്നതിന് ഇവര്‍ തയ്യാറായില്ല.

50 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുളള കൂപ്പണുകള്‍ അച്ചടിച്ചിട്ടുണ്ട്.

ബോര്‍ഡിന്റെ അനുമതിയില്ലാതെ ഫണ്ടു പിരിക്കാന്‍ ചെന്നൈയിലുള്‍പ്പെടെ സന്ദര്‍ശനം നടത്തിയതായി അക്കൗണ്ട്സ് ഓഫീസര്‍ കണ്ടെത്തി. ചെന്നൈയില്‍ ശതകോടി അര്‍ച്ചനയെക്കുറിച്ച് വാര്‍ത്താ സമ്മേളനവും നടത്തിയെന്ന് അദ്ദേഹം ആരോപിക്കുന്നു. ഇതൊന്നും ബോര്‍ഡിന്റെ അനുമതി വാങ്ങി ചെയ്തതല്ല. ദേവസ്വം കമ്മിഷണര്‍ പോലും ശതകോടി അര്‍ച്ചനയുടെ വിവരങ്ങള്‍ അറിഞ്ഞത് പ്രചരണ ബോര്‍ഡുകളും ബാനറും വഴിയാണത്രേ!

ജനുവരി ഏഴിനു തന്നെ കൂപ്പണുകള്‍ വിതരണം നടത്തി. എന്നാല്‍ ഇതും ബോര്‍ഡിനെ അറിയിച്ചിട്ടില്ല.

ഇത്രയും ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടും ദേവസ്വം ബോര്‍ഡ് പ്രശ്നത്തില്‍ മൗനം പാലിക്കുകയാണെന്ന് ആരോപണമുയരുന്നു. ക്രമക്കേടുകള്‍ക്ക് കാരണക്കാരായ അഡ്മിനിസ്ട്രറ്റീവ് ഓഫീസറും ബോര്‍ഡിലെ ഉന്നതരുമായി രഹസ്യ ധാരണയുണ്ടെന്നും സംശയമുണ്ട്. അര്‍ച്ചന കൂപ്പണ്‍ അച്ചടിച്ചതിലെ അഴിമതി ചൂണ്ടിക്കാട്ടിയിട്ടും അന്വേഷണത്തിന് ഉത്തരവിടാത്തതിനു പിന്നില്‍ കുറ്റക്കാരെ സംരക്ഷിക്കാനുളള താല്‍പര്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഭക്തജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് നടന്ന വന്‍ വെട്ടിപ്പ് പുറത്തു വന്നിട്ടും സര്‍ക്കാര്‍ പുലര്‍ത്തുന്നത് തികഞ്ഞ നിഷ്ക്രിയതയാണ്. കഴിഞ്ഞ മാര്‍ച്ച് 14ന് മലയാലപ്പുഴയില്‍ നടന്ന സംഭവങ്ങള്‍ വന്‍ ഗൂഡാലോചനയുടെ ഫലമായി ഉണ്ടായതാണെന്ന് വിശ്വസിക്കുന്നവരാണ് ഭക്തജനങ്ങളേറെയും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X